പൃഥ്വി ഷാ അടിച്ചു തകര്‍ത്തു, ഭയന്നു വിറച്ച് രാഹുല്‍; ഇന്ത്യന്‍ ഓപ്പണര്‍ ടീമില്‍ നിന്ന് പുറത്തേക്ക് ?

Webdunia
ശനി, 13 ഒക്‌ടോബര്‍ 2018 (16:59 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഏകദിനത്തിലും ടെസ്‌റ്റിലും തുടര്‍ച്ചയായി പരാജയപ്പെട്ടതാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് തിരിച്ചടിയാകുന്നത്.

ദുര്‍ബലരായ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റിലും നാല് റണ്‍സുമായി രാഹുല്‍ കൂടാരം കയറിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഹൈദരാബാദ് ടെസ്‌റ്റ് താരത്തിന്റെ കരിയറിലെ അവസാന ടെസ്‌റ്റ് ആകുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും വ്യക്തമാക്കിയിരിക്കുന്നത്.

രാജ്‌കോട്ട് ടെസ്‌റ്റില്‍ ആദ്യ ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായ രാഹുല്‍ ഹൈദരാബാദ് ടെസ്‌റ്റില്‍ നാല് റണ്‍സുമായി പുറത്തായി. വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ഇന്ത്യന്‍ ഓപ്പണറുടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.

രണ്ടാം ടെസ്‌റ്റില്‍ പരിചയസമ്പത്തില്ലാത്ത യുവതാരം പൃഥ്വി ഷാ (70) വിന്‍ഡീസ് ബോളര്‍മാരെ കടന്നാക്രമിച്ച് റണ്‍സ് കണ്ടെത്തിയപ്പോഴാണ് രാഹുല്‍ (4) ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ പോലുമാകാതെ വലഞ്ഞത്.

ഏകദിനത്തിലും മോശം പ്രകടനം തുടരുകയാണ് രാഹുല്‍. ഒറ്റപ്പെട്ട പ്രകടനം മാത്രമാണ് താരത്തിനെ ടീമില്‍ പിടിച്ചു നിര്‍ത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article