ആഗ്രഹിച്ചു, പ്രതീക്ഷിച്ചു; പക്ഷേ, ധോണിക്ക് നേടാനായില്ല!

Webdunia
ബുധന്‍, 11 ജനുവരി 2017 (07:42 IST)
ഒരു ജനതയുടെ മുഴുവൻ ആവേശമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ച മഹേന്ദ്രസിംഗ് ധോണിയുടെ ക്യാപ്റ്റന്‍ പദവിയിലെ അവസാന കളിയിൽ പരാജയം. ഇംഗ്ലണ്ടിനെതിരെ നടന്ന പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായാണ് ധോണി ക്രീസിൽ ഇറങ്ങിയത്. ലക്ഷ്യം വിജയമായിരുന്നു, അനിവാര്യവും. പക്ഷേ ഭാഗ്യം ഇല്ലാതെപോയി. 
 
48.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സ് അടിച്ചെടുത്താണ് ഇംഗ്ലണ്ട് വിജയം കണ്ടത്. കളികാണാനെത്തിയ ആരാധകരെ ഒട്ടും നിരാശരാക്കിയായിരുന്നില്ല ധോണി തന്റെ ബാറ്റിംങ് ആരംഭിച്ചത്. 40 പന്തില്‍ നിന്ന് എട്ട് ഫോറിന്റെയും, രണ്ട് സിക്‌സിന്റെയും അകമ്പടിയോടെയാണ് ധോണി പുറത്താകാതെ 68 റണ്‍സെടുത്തത്.
 
ശിഖര്‍ധവാനും,  മന്‍ദീപ് സിംഗുമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് തുറന്നത്.  24 പന്തില്‍ നിന്ന്  8 റണ്‍സെടുത്ത് മന്‍ദീപ് സിങ് ഡേവിഡ് വില്ലിയുടെ പന്തില്‍  മടങ്ങുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി യുവരാജ് സിങ് 56 റണ്‍സെടുത്തിരുന്നു. എന്നാല്‍ മലയാളി താരം സഞ്ജു വി സാംസണ്‍ റണ്ണൊന്നുമെടുക്കാതെ നിരാശപ്പെടുത്തി. 
 
ക്രിക്കറ്റ് കളത്തില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍ എന്ന പദവി വിട്ടു മഹേന്ദ്ര സിങ് ധോണി പടിയിറങ്ങുന്നുവെന്ന വാർത്ത എല്ലാവരേയും ഞെട്ടിച്ചിരുന്നു. ടീമില്‍ അംഗമായി തുടരാന്‍ തയാര്‍ എന്ന സന്ദേശം നല്‍കി ധോണി നായകന്റെ തൊപ്പിയൂരുമ്പോള്‍ ഓര്‍മയില്‍ നിറയുന്നത് ഈ കൂള്‍ ക്യാപ്റ്റനെയാണ് .
Next Article