ബാറ്റിംഗ് നിര തകർത്തടിച്ചപ്പോള്‍ ബൗളർമാർ എറിഞ്ഞുവീഴ്ത്തി; പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

തിങ്കള്‍, 5 ജൂണ്‍ 2017 (09:19 IST)
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മത്സരത്തിൽ 124 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ബാറ്റ് കൊണ്ട് രോഹിത് ശര്‍മയും ധവാനും കോലിയും യുവരാജും നടത്തിയ വീരോചിത പ്രകടനം പന്തുകൊണ്ട് ഉമേഷ് യാദവും ഹര്‍ദ്ദീക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ആവര്‍ത്തിച്ചപ്പോള്‍ പാക്കിസ്ഥാന്റെ വിജയമോഹങ്ങള്‍ അവസാനിച്ചു.
 
മഴമൂലം പലതവണ വിജയലക്ഷ്യം പുനര്‍നിശ്ചയിക്കപ്പെട്ട മത്സരത്തില്‍ 41 ഓവറില്‍ 289 റണ്‍സായിരുന്നു പാക്കിസ്ഥാന് ആവശ്യമായിരുന്നത്. എന്നാല്‍ 33.4 ഓവറില്‍ 164 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. ഇന്ത്യൻ സ്കോറിന്റെ പാതി പോലും എത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നതാണ് വസ്തുത. സ്കോര്‍ ഇന്ത്യ 48 ഓവറില്‍ 319/3. പാക്കിസ്ഥാന്‍ 33.4 ഓവറില്‍ 164ന് ഓള്‍ ഔട്ട്.
 
ഇന്ത്യാ-പാക് മത്സരത്തിന്റെ ആവേശമൊന്നും പാക്ക് ബാറ്റിങ്ങ് നിരയില്‍ കാണാന്‍ കഴിഞ്ഞില്ല. ക്രീസിലെത്തുന്നതിനു മുമ്പുതന്നെ കളി തോറ്റവരെപ്പോലെയായിരുന്നു അവരുടെ ശരീരഭാഷ. അതില്‍നിന്ന് മുക്തരാവാന്‍ ഇന്ത്യന്‍ ബൗളര്‍മാരാകട്ടെ അവരെ ഒരിക്കല്‍പോലും അനുവദിച്ചതുമില്ല. 50 റണ്‍സെടുത്ത അസ്ഹര്‍ അലിയിലും 33 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിലുമൊതുങ്ങി പാക്കിസ്ഥാന്റെ പോരാട്ട വീര്യം. 
 
അഹമ്മദ് ഷെഹ്സാദ്(12), ബാബര്‍ അസം(8),ഷൊയൈബ് മാലിക്(15), സര്‍ഫ്രാസ് അഹമ്മദ്(15) ഷദാബ് ഖാന്‍(14 നോട്ടൗട്ട്) എന്നിവരാണ് പാക് ബാറ്റിംഗ് നിരയിലെ പ്രധാന സ്കോറര്‍മാര്‍. ഇന്ത്യക്കായി ഉമേഷ് യാദവ് 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജഡേജയും ഹര്‍ദ്ദീക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റെടുത്തു.

വെബ്ദുനിയ വായിക്കുക