ഈ മാസം മെല്‍ബണില്‍ തുടങ്ങുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനത്തിലെ ടിക്കറ്റുകളെല്ലാം വിറ്റുപോയി. 90,000 പേര്‍ക്കിരിക്കാവുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് മത്സരം നടക്കുന്നത്. എല്ലാവര്‍ഷവും ക്രിസ്മസിന് പിറ്റേന്ന് നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ആഷസ് പരമ്പരയ്ക്കല്ലാതെ ഒരു മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുന്നത് ഇതാദ്യമായാണ്.
നേരത്തെ അഡലെയ്ഡില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് കാണാനായി 36,000ത്തിന് മുകളില്‍ കാണികള്‍ എത്തിയിരുന്നു. അഡലെയ്ഡില്‍ 12 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കാണികള്‍ മത്സരം കാണാനായെത്തിയത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ ദിനത്തിലും 30,000ത്തിന് മുകളില്‍ കാണികളെത്തിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം വിജയിച്ച് ഓസ്‌ട്രേലിയ പരമ്പര സമനിലയിലാക്കിയിരുന്നു. 14ന് ബ്രിസ്‌ബേനിലാണ് മൂന്നാം ടെസ്റ്റ് മത്സരം തുടങ്ങുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്.