ബാറ്റ്മാനെന്ന നിലയിലും അതിലുപരി ക്യാപ്റ്റനെന്ന നിലയിലും ഏറെ ആഘോഷിക്കപ്പെട്ട ക്രിക്കറ്റ് താരമാണ് മഹേന്ദ്രസിങ് ധോണി. ടീം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിത്തന്ന ക്യാപ്റ്റന്‍ കൂടിയാണ് ധോണി. കൂടാതെ വിക്കറ്റ് കീപ്പറെന്ന നിലയിലും ധോണിയുടെ കരങ്ങള്‍ ഇന്ത്യയ്ക്ക് എത്രയോ തവണ സഹായകമായിട്ടുണ്ട്.
സമകാലീന ക്രിക്കറ്റിലെ ഏറ്റവും ഭേദപ്പെട്ട വിക്കറ്റ് കീപ്പർമാരിലൊരാളാണ് ധോണി. ദ്രാവിഡിനെപ്പോലുള്ള താരങ്ങളെയൊക്കെ വിക്കറ്റിന് പിന്നിൽ പരീക്ഷിച്ച് മടുത്ത ടീം ഇന്ത്യയ്ക്ക് വർഷങ്ങൾക്കുശേഷം ലഭിച്ച ലക്ഷണമൊത്ത ഒരു കീപ്പറാണ് ധോണി. ക്യാപ്റ്റനെന്ന നിലയില്‍ ഏകദിന, ട്വന്റി20 ലോകകപ്പുകളും ഇന്ത്യയിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
പലതവണ അതിവേഗ സ്റ്റംപിങ്ങിലൂടെ ആരാധകരെ ഞെട്ടിയ്ക്കാന്‍ ധോണിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യ ആഥിതേയത്വം വഹിച്ച ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിന്റെ സാബിർ റഹ്മാനെ പുറത്താക്കാൻ ധോണി നടത്തിയ സ്റ്റംപിങ് ഏറെ ശ്രദ്ധനേടിയിരുന്നു. ഇത്തരത്തിൽ ധോണിയെന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പർ നടത്തിയ ഏറ്റവും മികച്ച അഞ്ചു സ്റ്റംപിങ്ങുകൾ ഇതാ...
* ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ട്വന്റി20 ലോകകപ്പിലെ പുറത്താക്കൽ:
ഇന്ത്യ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 9.2 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ 68 റൺസ് എടുത്തു നിൽക്കുന്നു. 15 പന്തിൽ 26 റൺസുമായി പോരാട്ടം ഇന്ത്യൻ ക്യാംപിലേക്കു നയിക്കുകയായിരുന്നു ബംഗ്ലദേശ് ബാറ്റ്സ്മാന്‍ സാബിർ റഹ്മാൻ. ഈ അവസരത്തിൽ ബോൾ ചെയ്യാനായി സുരേഷ് റെയ്നയെയാണ് ധോണി തെരഞ്ഞെടുത്തത്. ഓവറിലെ മൂന്നാം പന്ത് നേരിട്ട സാബിർ റഹ്മാന് ചെറുതായൊന്നു പിഴച്ചു. വെറും 0.35 സെക്കൻഡ് സമയത്തേക്ക് സാബിറിന്റെ കാലുകൾ ചെറുതായി വായുവിലുയർന്നു. ഈ അവസരം മുതലെടുത്ത ധോണി കൃത്യം ഈ സമയത്ത് ബെയ്‌ൽസിളക്കി. അതിസൂക്ഷമ പരിശോധനയ്ക്കൊടുവിൽ സാബിർ ഔട്ടായതായി തേർഡ് അംപയർ വിധിക്കുകയായിരുന്നു.
* ഒരു പന്ത്, ജേക്കബ് ഓറം രണ്ടുതവണ പുറത്ത്:
2009ല്‍ നടന്ന ഇന്ത്യ-ന്യൂസീലൻഡ് ഒന്നാം ഏകദിനത്തിലായിരുന്നു ഈ സംഭവം നടന്നത്. ജേക്കബ് ഓറം പ്രതിരോധിക്കാൻ ശ്രമിച്ച പന്ത് ബാറ്റിൽ തട്ടിതട്ടിയില്ലെന്ന മട്ടിൽ ധോണിയിലേക്ക്ക്കെത്തി. അത് ക്യാച്ചാണെന്ന് സംശയമുയർന്നെങ്കിലും ഔട്ട് ഉറപ്പിക്കാനായി ധോണി ഓറത്തെ സ്റ്റംപു ചെയ്തു. ധോണിക്ക് ഒട്ടേറെ അഭിനന്ദനം നേടിക്കൊടുത്തതായിരുന്നു ഈ പുറത്താക്കൽ.
* ഗ്ലെൻ മാക്സ്‌വെല്ലിനെ ഞെട്ടിച്ച സ്റ്റംപിങ്ങ്:
ഇന്ത്യ - ഓസ്ട്രേലിയ ട്വന്റി20 പരമ്പരയ്ക്കിടെയായിരുന്നു ധോണി വീണ്ടും താരമായത്. മാക്സ്‌വെല്ലിന് തൊടാനാകാതെ പോയ ഒരു പന്ത് പിടിച്ചെടുത്ത ധോണി മിന്നൽവേഗത്തിൽ ബെയ്‌ൽസിളക്കുമ്പോൾ മാക്സ്‌വെല്ലിന് തിരിച്ചെത്താനായിരുന്നില്ല. ആ മൽസരത്തിലാകെ നാലു പേരെ പുറത്താക്കിയ ധോണി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കു വഹിച്ചു. ഇന്ത്യയ്ക്ക് 27 റൺസിന്റെ തകർപ്പൻ വിജയവും.
* ബെയ്‌ലിയുടെ ബെയ്‌ൽസിളക്കിയ അതിവേഗ സ്റ്റംപിങ്ങ്
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു മൽസരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കിടെയായിരുന്നു ഈ പുറത്താക്കൽ. ടൂർണമെന്റിലെ മൂന്നാം മൽസരം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഓസ്ട്രേലിയയ്ക്ക് മുന്നിൽ ഉയർത്തിയത് 296 റൺസ് വിജയലക്ഷ്യം. ഓസ്ട്രേലിയയ്ക്കായി ജോർജ് ബെയ്‌ലിയും ഷോൺ മാർഷും ക്രീസിൽ. ഈ സമയം ധോണിയുടെ വജ്രായുധം രവീന്ദ്ര ജഡേജ ബോള്‍ ചെയ്യാനെത്തി. ജഡേജയുടെ തീർത്തും വേഗത കുറച്ചെത്തിയ പന്ത് ബെയ്‌ലിയെ കയറി കളിച്ചു. ബെയ്‌ലിയുടെ ശ്രദ്ധ പതറിയ ആ ഒരു നിമിഷംകൊണ്ട് ധോണി ബെയ്‌ലിന്റെ സ്റ്റംപ് തെറിപ്പിച്ചു.
* ധോണിക്കുമുന്നിൽ അടിയറവു പറഞ്ഞ് ട്രോട്ടും ബെല്ലും:
2013ലെ ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിനിടെയാണ് ധോണിയിലെ വിക്കറ്റ് കീപ്പറെ അടയാളപ്പെടുത്തിയ അടുത്ത നിമിഷമുണ്ടായത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിനു മുന്നിൽ ഉയർത്തിയത് 130 റൺസിന്റെ വിജയലക്ഷ്യം. ഇംഗ്ലണ്ടിനു വളരെ ചെറിയ വിജയ ലക്ഷ്യം. എന്നാൽ, ക്യാപ്റ്റൻ കൂളിന്റെ രണ്ടു സുന്ദരൻ സ്റ്റംപിങ്ങുകൾ മൽസരത്തിന്റെ ഗതി തന്നെ മാറ്റി. ആദ്യം ധോണിയുടെ അതിവേഗത്തിന് മുന്നിൽ തോറ്റത് അവരുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാളായ ജൊനാഥൻ ട്രോട്ട്. നിമിഷാർധംകൊണ്ട് പന്തു കൈക്കലാക്കി ധോണി സ്റ്റംപിളക്കുമ്പോൾ ഇഞ്ചുകൾക്ക് പുറത്തായിരുന്നു ട്രോട്ട്. അടുത്ത ഊഴം ഇയാൻ ബെല്ലിന്. ഇത്തവണയും ധോണിയുടെ അതിവേഗത്തിന് മുന്നിൽ ബെൽ മുട്ടുമടക്കിയപ്പോൾ വിജയം ഇന്ത്യയ്ക്ക്.