Dinesh Karthik: ദിനേശ് കാര്‍ത്തിക്കിനെ ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി ആരാധകര്‍. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി കാര്‍ത്തിക് നടത്തിയ വെടിക്കെട്ട് പ്രകടനത്തിനു പിന്നാലെയാണ് ആരാധകര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ഫിനിഷര്‍ എന്ന നിലയിലും കാര്‍ത്തിക് മികച്ച പ്രകടനമാണ് ഈ സീസണില്‍ നടത്തുന്നത്.
ഹൈദരബാദിനെതിരായ മത്സരത്തില്‍ 35 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സും സഹിതം 83 റണ്‍സാണ് 38 കാരനായ കാര്‍ത്തിക് നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കാര്‍ത്തിക് അര്‍ധ സെഞ്ചുറി നേടിയിരുന്നു. ആ മത്സരത്തിനു ശേഷം മുംബൈ താരം രോഹിത് ശര്‍മ കാര്‍ത്തിക് ട്വന്റി 20 ലോകകപ്പ് കളിക്കണമെന്ന് തമാശ രൂപേണ പറഞ്ഞു. രോഹിത്തിന്റെ ഈ വാക്കുകള്‍ കാര്‍ത്തിക് വളരെ ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. വിക്കറ്റ് കീപ്പറായി പരിഗണിക്കുന്ന താരങ്ങളില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റോടെയുള്ള ബാറ്റിങ് പ്രകടനം കാര്‍ത്തിക്കിന്റെ പേരിലാണ്.
ഈ സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 226 റണ്‍സാണ് കാര്‍ത്തിക് അടിച്ചുകൂട്ടിയത്. നേരിട്ടത് വെറും 110 പന്തുകള്‍ മാത്രം. അഞ്ചാമതോ ആറാമതോ ആയി ക്രീസിലെത്തിയിട്ടാണ് ഈ നേട്ടം എന്നുകൂടി ഓര്‍ക്കണം. 205.45 ആണ് സ്‌ട്രൈക്ക് റേറ്റ്. ലോകകപ്പ് സ്‌ക്വാഡിലേക്ക് മത്സരിക്കുന്ന മറ്റു താരങ്ങള്‍ക്കൊന്നും 200 ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഇല്ല.
അതേസമയം ഐപിഎല്ലിലെ പ്രകടനത്തിന്റെ പേരില്‍ കാര്‍ത്തിക്കിനെ ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലും കാര്‍ത്തിക്കിനെ ഇതുപോലെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2022 ഐപിഎല്‍ സീസണില്‍ മികച്ച ഫോമിലായിരുന്നു കാര്‍ത്തിക്. ആര്‍സിബിക്ക് വേണ്ടി 55 ശരാശരിയില്‍ 330 റണ്‍സാണ് അടിച്ചുകൂട്ടിയത്. പത്ത് കളികളില്‍ നോട്ട് ഔട്ട് ആയിരുന്നു. 183.33 സ്ട്രൈക്ക് റേറ്റില്‍ 27 ഫോറും 22 സിക്സും കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ആര്‍സിബി തോല്‍ക്കുമെന്ന് ഉറപ്പായ മത്സരങ്ങളില്‍ പോലും കാര്‍ത്തിക് വിജയശില്‍പ്പിയായി. ഈ ഫോം പരിഗണിച്ചാണ് കാര്‍ത്തിക്കിനെ ആ വര്‍ഷം നടന്ന ട്വന്റി 20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ആര്‍സിബിക്ക് വേണ്ടി ഐപിഎല്ലില്‍ കളിച്ചതിന്റെ നിഴല്‍ പോലും കാര്‍ത്തിക്കിന്റെ ലോകകപ്പ് പ്രകടനത്തില്‍ കണ്ടില്ല !
ലോകകപ്പില്‍ നാല് ഇന്നിങ്സുകളില്‍ നിന്നായി വെറും 14 റണ്‍സാണ് അന്ന് ദിനേശ് കാര്‍ത്തിക് നേടിയത്. ഒരു കളി പോലും രണ്ടക്കം കണ്ടില്ല. യുവതാരം റിഷഭ് പന്തിനെ ബെഞ്ചിലിരുത്തിയാണ് കാര്‍ത്തിക്കിന് അന്ന് അവസരം നല്‍കിയത്. എന്നാല്‍ പൂര്‍ണമായി നിരാശപ്പെടുത്തുകയായിരുന്നു താരം. അതുകൊണ്ട് തന്നെ ഈ സീസണില്‍ എങ്ങനെ കളിച്ചാലും കാര്‍ത്തിക്കിനെ ഇനി ലോകകപ്പിലേക്ക് പരിഗണിക്കില്ല.