ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ് ടീമുകള്‍ക്കെതിരായ ലിമിറ്റഡ് ഓവര്‍ പോരാട്ടത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. സെപ്റ്റംബറില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മിച്ചല്‍ മാര്‍ഷായിരിക്കും ഓസ്‌ട്രേലിയയുടെ ഏകദിന, ടി20 ടീമുകളെ നയിക്കുക. ടെസ്റ്റ് നായകനായ പാറ്റ് കമ്മിന്‍സിന് പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഓപ്പണിംഗ് താരം ജാക് ഫ്രേസര്‍ മക് ഗുര്‍ക് ഓസീസ് ടീമില്‍ ഇടം നേടി. ഓള്‍ റൗണ്ടര്‍ താരമായ കൂപ്പര്‍ കോണോല്ലിയാണ് ടി20 ടീമിലെ മറ്റൊരു പുതുമുഖം. 20കാരനായ താരം ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ 2 സീസണുകളില്‍ കാഴ്ചവെച്ചത്. അതേസമയം ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ്, സ്പിന്നര്‍ ആഷ്ടണ്‍ ആഗര്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല.
സെപ്റ്റംബര്‍ 4 മുതല്‍ 7 വരെയാണ് സ്‌കോട്ട്ലന്‍ഡിനെതിരായ ടി20 പരമ്പര. ഇംഗ്ലണ്ടിനെതിരെ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെയാണ് പരമ്പര. മൂന്ന് ടി20 മത്സരങ്ങളാകും ഇരുടീമുകള്‍ക്കെതിരെയും കളിക്കുക. ഇതിന് പിന്നാലെ സെപ്റ്റംബര്‍ 19 മുതല്‍ 29 വരെ ഇംഗ്ലണ്ടിനെതിരെയാണ് ഏകദിന പരമ്പര നടക്കുക. അഞ്ച് മത്സരങ്ങളാകും ഈ പരമ്പരയില്‍ ഉണ്ടാവുക.