ബെംഗളൂരു ടെസ്റ്റ്: ഓസ്ട്രേലിയയ്ക്ക് 87 റൺസ് ലീഡ്, ജഡേജയ്ക്ക് ആറു വിക്കറ്റ്

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2017 (11:35 IST)
ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് 87 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. തങ്ങളുടെ കഴിഞ്ഞ ദിവസത്തെ സ്കോറായ 237 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയ 276 റൺസിന് എല്ലാവരും പുറത്തായി. 21.4 ഓവറിൽ 63 റൺസ് വഴങ്ങി ആറു വിക്കറ്റ് സ്വന്തമാക്കിയ രവീന്ദ്ര ജഡേജയാണ് ഓസീസിന്റെ പതനം വേഗത്തിലാക്കിയത്.     
 
ടെസ്റ്റിൽ ജഡേജയുടെ മികച്ച രണ്ടാമത്തെ പ്രകടനമാണ് ഇന്നത്തേത്. അശ്വിൻ രണ്ടും ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മിച്ചൽ സ്റ്റാർക്കിനെ ജഡേജയുടെ കൈകളിലെത്തിച്ച് അശ്വിനാണ് ഇന്നത്തെ വിക്കറ്റ് വേട്ടയ്ക്കു തുടക്കം കുറിച്ചത്. 52 പന്തിൽ രണ്ടു ബൗണ്ടറികൾ ഉൾപ്പെടെ 26 റൺസായിരുന്നു സ്റ്റാർക്കിന്റെ സമ്പാദ്യം. സ്റ്റീവ് ഒക്കീഫി നാലു റൺസുമായി പുറത്താകാതെ നിന്നു. 
 
രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യ പത്ത് ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 38 റണ്‍സ് എന്ന നിലയിലാണ്.  20 റണ്‍സുമായി ലോകേഷ് രാഹുലും 16 റണ്‍സുമായി അഭിനവ് മുകുന്ദുമാണ് ക്രീസില്‍. 
Next Article