ഓക്‌ലന്‍ഡ് ഏകദിനം: കീവിസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം, പരമ്പര

Webdunia
ഞായര്‍, 5 മാര്‍ച്ച് 2017 (11:03 IST)
ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ വിജയം. നിര്‍ണായകമായ മല്‍സരത്തില്‍ കീവിസിനെതിരെ ആറു വിക്കറ്റിന്റെ കിടിലന്‍ ജയത്തോടെ പരമ്പര 3-2 ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയും ചെയ്തു. ഇതോടെ അവര്‍ ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. 
 
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 41.1 ഓവറില്‍ 149 റണ്‍സ് നേടുന്നതിനിടെ എല്ലാവരും പുറത്തായി. 32 റണ്‍സെടുത്ത കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമാണ് കീവിസിന്റെ ടോപ് സ്‌കോറര്‍. ജിമ്മി നീഷം, ഡീന്‍ ബ്രണ്‍ലി,  മിച്ചെല്‍ സാന്റ്‌നെര്‍ എന്നിവര്‍ 24 റണ്‍സ് വീതമെടുത്തു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ ആക്രമണത്തിന് മുന്നില്‍ റണ്ണെടുക്കാന്‍ കഴിയാതെ കീവീസ് നിര പതറുകയായിരുന്നു. 
 
ദക്ഷിണാഫ്രിക്കക്കു വേണ്ടി ഫബാദ മൂന്നു വിക്കറ്റെടുത്തപ്പോള്‍, ഇമ്രാന്‍ താഹിര്‍, ഫെഹ്ലുക്വായോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ പതറിയെങ്കിലും അര്‍ധസെഞ്ച്വറി നേടിയ ഫാഫ് ഡുപ്‌ളെസിനിന്റെ(51) പ്രകടനത്തോടെ 150 റണ്‍സ് എന്ന വിജയലക്ഷ്യം 32 ഓവറില്‍ മറികടക്കുകയായിരുന്നു. 45 റണ്‍സുമായി മില്ലര്‍ പുറത്താകാതെ നിന്നു.
Next Article