ആറോവറിനുള്ളില്‍ മത്സരം ഫിനിഷ് ചെയ്ത് ഓസീസ്, സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ഭീഷണി

അഭിറാം മനോഹർ
ബുധന്‍, 12 ജൂണ്‍ 2024 (13:51 IST)
ടി20 ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് ബി ഗ്രൂപ്പില്‍ നിന്നും സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിച്ച് ഓസ്‌ട്രേലിയ. നമീബിയയെ 9 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ സൂപ്പര്‍ എട്ടില്‍ യോഗ്യത ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ ഉയര്‍ത്തിയ 73 റണ്‍സെന്ന വിജയലക്ഷ്യം വെറും 5.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് നേടി. നമീബിയയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ആദം സാമ്പയാണ് കളിയിലെ മികച്ച താരം.
 
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് അനായാസകരമായ രര്‍ണ്‍സ് കണ്ടെത്തിയതെങ്കിലും 8 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വിക്ക് നഷ്ടമായി. രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ ട്രാവിസ് ഹെഡും നായകന്‍ മിച്ചല്‍ മാര്‍ഷും ചേര്‍ന്നാണ് ഓസീസിനെ വിജയതീരത്തിലെത്തിച്ചത്. ഹെഡ് 17 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം പുറത്താകാതെ 34 റണ്‍സും മാര്‍ഷ് 9 പന്തില്‍ 3 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 18 റണ്‍സും നേടി പുറത്താകാതെ നിന്നു. 43 പന്തില്‍ 36 റണ്‍സുമായി പിടിച്ചുനിന്ന ഗെര്‍ഹാര്‍ഡ് എരാസ്മസാണ് നമീബിയയുടെ ബാറ്റിംഗ് നിരയിലെ ടോപ്‌സ്‌കോറര്‍. എരാസ്മസിന് പുറമെ മറ്റൊരു താരം മാത്രമെ രണ്ടക്കം കണ്ടുള്ളു. ഓസീസിനായി സ്പിന്നര്‍ ആദം സാമ്പ നാലോവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റ് നേടി. പേസര്‍മാരായ ജോഷ് ഹേസല്‍വുഡും മാര്‍ക്കസ് സ്റ്റോയിനിസും 2 വിക്കറ്റ് വീതവും പാറ്റ് കമ്മിന്‍സ്,നാഥന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article