ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരമായി ഉയര്‍ന്നുവന്ന പൃഥ്വി ഷായെ വാനോളം പുകഴ്‌ത്തി ടീം നായകന്‍ വിരാട് കോഹ്‌ലി. ആരെയും കൂസാത്ത പ്രകൃതം കൈമുതലായുള്ള താരമെന്നാണ് വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റ് വിജയത്തിനു ശേഷം ഷായെ കോഹ്‌ലി വിശേഷിപ്പിച്ചത്.
ലഭിച്ച അവസരം മുതലെടുക്കാന്‍ പൃഥ്വിക്ക് സാധിച്ചു എന്നാതാണ് ശ്രദ്ധേയം. യാതൊരു ഭയവുമില്ലാതെ ബോളര്‍മാരെ നേരിടാനുള്ള അവന്റെ കഴിവ് ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം പകരുന്നതാണ്. ഓരോ മത്സരത്തിലും ടീം ആഗ്രഹിക്കുന്ന തുടക്കം നല്‍കാന്‍ പൃഥ്വിക്ക് സാധിക്കുന്നത് നല്ല കാര്യമാണെന്നും വിരാട് പറഞ്ഞു.
എല്ലാ മത്സരങ്ങളിലും മികച്ച തുടക്കം ടീമിന് ആവശ്യമാണ്. പൃഥ്വിയുടെ ഈ ബാറ്റിംഗ് ശൈലി ടീമിന് മുതല്‍ക്കൂട്ടാണ്. അതു പോലെ തന്നെ സ്വന്തം കഴിവിലുള്ള അവന്റെ ആത്മവിശ്വാസം എടുത്തുപറയേണ്ടതാണ്. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ പതിനെട്ടാം വയസില്‍ ഞങ്ങള്‍ക്കൊന്നും ഇല്ലാതിരുന്ന ആത്മവിശ്വാസമാണ് ഷായ്‌ക്കുള്ളതെന്നും കോഹ്‌ലി വ്യക്തമാക്കി.
മത്സരങ്ങളിലും നെറ്റ്‌സിലും പൃഥ്വി ബാറ്റ് ചെയ്യുമ്പോള്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ലീവ് ചെയ്യുമെന്ന് തോന്നിപ്പിക്കുമെന്ന ബോളുകള്‍ പോലും അവന്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇംഗ്ലണ്ട് പര്യടത്തിലും ഇക്കാര്യം കണ്ടതാണ്. പുതിയ പന്തുകള്‍ നേരിടുന്നതില്‍ അതിയായ മുടുക്കാണ് പതിനെട്ടുകാരനായ പൃഥ്വിക്കുള്ളതെന്നും വിരാട് തുറന്നടിച്ചു.