ഏഷ്യാകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ നേരിട്ട തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന് ഇരട്ടപ്രഹരം നല്‍കിയിരിക്കുകയാണ് ടീം ഇന്ത്യ. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ വിജയിച്ചതോടെ സൂപ്പര്‍ ഫോറിലെ അവശേഷിക്കുന്ന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിക്കുക എന്നത് പാകിസ്ഥാന് അനിവാര്യമായിരിക്കുകയാണ്. നസീം ഷായും ഹാരിസ് റൗഫും ഏഷ്യാകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കുമോ എന്നതില്‍ തീര്‍ച്ചയില്ലാത്തതിനാല്‍ തന്നെ വലിയ വെല്ലുവിളിയാകും പാകിസ്ഥാന് ശ്രീലങ്ക ഉയര്‍ത്തുക.
നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ നടത്തുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ശോഭിക്കാനാകുന്ന ഓള്‍ റൗണ്ടര്‍മാരുടെ സാന്നിധ്യമാണ് ശ്രീലങ്കയുടെ കരുത്ത്. ഇന്ത്യക്കെതിരെ നാശം വിതറിയ ദുനിത് വെല്ലാലഗെയുടെ പന്തുകള്‍ ഏത് ടീമിനും നാശം വിതയ്ക്കാന്‍ കരുത്തുള്ളതാണ്. ഇന്ത്യക്കെതിരെ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്റെയും നിര്‍ണായക വിക്കറ്റുകള്‍ യുവതാരത്തിനായിരുന്നു. ഇന്ത്യക്കെതിരെ അവസാന ശ്വാസം വരെ പോരാടിയായിരുന്നു ശ്രീലങ്കന്‍ വിജയം. തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ശ്രീലങ്ക പ്രകടിപ്പിച്ച പോരാട്ടവീര്യം പാകിസ്ഥാന് ആശങ്ക നല്‍കുന്നതാണ്.
മഴ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം മഴ മുടക്കുന്ന പക്ഷം മികച്ച റണ്‍റേറ്റിന്റെ ബലത്തില്‍ ശ്രീലങ്കയായിരിക്കും ഫൈനലില്‍ എത്തുക. അതിനാല്‍ തന്നെ ശ്രീലങ്കയുമായി വിജയിക്കേണ്ടത് പാകിസ്ഥാന് അനിവാര്യമാണ്. എന്നാല്‍ ലോകകപ്പ് മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ നസീം ഷാ, ഹാരിസ് റൗഫ് എന്നിവരെ പരിക്കിന് വിട്ടുകൊടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പാക് ബാറ്റര്‍മാരുടെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമാകും. നസീം ഷാ, ഹാരിസ് റൗഫ് എന്നിവരുടെ അഭാവത്തില്‍ മുഹമ്മദ് വസീം ജൂനിയര്‍, ഉസാമ മിര്‍ എന്നിവരാകും പാകിസ്ഥാന്‍ ടീമില്‍ കളിക്കുക.