ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. 2019 ലോകകപ്പിന് ശേഷം 4 വര്‍ഷം സമയം ലഭിച്ചിട്ടും ഓള്‍റൗണ്ട് മികവുള്ള താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്ന് അനില്‍ കുംബ്ലെ കുറ്റപ്പെടുത്തി. ക്രിക്ക് ഇന്‍ഫോയില്‍ നടത്തിയ സംവാദത്തിലാണ് കുംബ്ലെയുടെ വിമര്‍ശനം.
കഴിഞ്ഞ ലോകകപ്പ് മുതല്‍ ഈ ലോകകപ്പ് വരെയുള്ള കാലയളവിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം പരിശോധിച്ചാല്‍ ഓള്‍റൗണ്ടര്‍മാരില്ല എന്നത് ഒരു പ്രശ്‌നമായി തെളിഞ്ഞ് വരും. ഇത് പരിഹരിക്കാന്‍ വേണ്ട ഒരു നടപടിയും നമ്മള്‍ സ്വീകരിച്ചില്ല. ബൗളര്‍മാര്‍ കുറച് ബാറ്റിംഗ് മികവ് പുലര്‍ത്തുന്നത് മറ്റൊരു കാര്യമാണ്. പക്ഷേ ബൗള്‍ ചെയ്യുന്ന ബാറ്റര്‍മാരുള്ളത് ടീമിന്റെ ശക്തി വര്‍ധിപ്പിക്കും. കുംബ്ലെ പറഞ്ഞു. നമുക്ക് അത്തരത്തിലുള്ള കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ നാല് വര്‍ഷമുണ്ടായിരുന്നു. ഉദാഹരണമായി യശ്വസി ജയ്‌സ്വാള്‍ അയാള്‍ ഒരു ലെഗ് സ്പിന്നര്‍ കൂടിയാണ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു മത്സരത്തിലും അദ്ദേഹം പന്തെറിയുന്നത് ഞാന്‍ കണ്ടിട്ടില്ല. ശ്രേയസ് കുറച്ച് ബൗള്‍ ചെയ്യും. എന്നാല്‍ നടുവേദനയെ തുടര്‍ന്ന് അവന്‍ അത് ചെയ്യുമോ എന്ന് എനിക്കറിയില്ല.