Asia Cup 2023: ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍, എതിരാളികള്‍ പാക്കിസ്ഥാനോ ശ്രീലങ്കയോ?

ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (09:41 IST)
Asia Cup 2023: സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയേയും തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍. ശ്രീലങ്കയെ 41 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ ഇന്നിങ്‌സ് 41.3 ഓവറില്‍ 172 ന് അവസാനിച്ചു. സൂപ്പര്‍ ഫോറില്‍ നേരത്തെ പാക്കിസ്ഥാനേയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരമാണ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് ഇനിയുള്ളത്. ഈ കളിയില്‍ തോറ്റാലും ഇന്ത്യക്ക് ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കാന്‍ സാധിക്കും. ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരത്തിലെ വിജയികളായിരിക്കും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. 
 
ഇരുപത് വയസ്സുള്ള ശ്രീലങ്കയുടെ ഇടംകയ്യന്‍ സ്പിന്നര്‍ ദുനിത് വെല്ലാലാഗെ ഇന്ത്യയെ വെള്ളം കുടിപ്പിച്ചു. ആദ്യം ബോളുകൊണ്ടും പിന്നീട് ബാറ്റുകൊണ്ടും വെല്ലാലാഗെ കസറി. 10 ഓവറില്‍ 40 റണ്‍സ് മാത്രം വഴങ്ങി വെല്ലാലാഗെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് വെല്ലാലാഗെ പുറത്താക്കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സ് നേടിയ ശേഷമാണ് ഇന്ത്യയുടെ തകര്‍ച്ച. രോഹിത് ശര്‍മ (48 പന്തില്‍ 53), കെ.എല്‍.രാഹുല്‍ (44 പന്തില്‍ 39), ഇഷാന്‍ കിഷന്‍ (61 പന്തില്‍ 33) അക്ഷര്‍ പട്ടേല്‍ (36 പന്തില്‍ 26) എന്നിവര്‍ മാത്രമാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. 
 
മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയും വന്‍ തകര്‍ച്ച നേരിട്ടു. ടീം സ്‌കോര്‍ 100 ആകുമ്പോഴേക്കും ലങ്കയ്ക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ ധനഞ്ജയ ഡി സില്‍വ (66 പന്തില്‍ 41), ദുനിത് വെല്ലാലാഗെ (46 പന്തില്‍ പുറത്താകാതെ 42) എന്നിവര്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തി. ഡി സില്‍വ പുറത്തായതോടെയാണ് പിന്നീട് കളി ഇന്ത്യയുടെ വരുതിയിലേക്ക് എത്തിയത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും ഓരോ വിക്കറ്റ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍