അശ്വിൻ നല്ലൊരു വിടവാങ്ങൽ അർഹിച്ചിരുന്നു, സങ്കടപ്പെട്ടാണ് പുറത്തുപോകുന്നത്: കപിൽദേവ്

അഭിറാം മനോഹർ
വെള്ളി, 20 ഡിസം‌ബര്‍ 2024 (12:20 IST)
ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതിന് തൊട്ടടുത്ത നിമിഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ തീരുമാനം ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. പരമ്പരയ്ക്കിടെയുള്ള അശ്വിന്റെ വിരമിക്കല്‍ ശരിയായില്ലെന്ന് ഒരു ഭാഗത്ത് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഏറെ വേദനയോടെയാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും കൂടുതല്‍ മെച്ചപ്പെട്ട ഒരു വിടവാങ്ങല്‍ അശ്വിന്‍ അര്‍ഹിച്ചിരുന്നതായും ഇന്ത്യയുടെ ഇതിഹാസതാരമായ കപില്‍ദേവ് പറയുന്നു.
 
ഞാന്‍ അവന്റെ തീരുമാനം കേട്ടതും ഞെട്ടി. ആരാധകരും നിരാശരാണെന്ന് എനിക്കറിയാം. അശ്വിനും അതേ, ദുഖിതനായാണ് അശ്വിനെ കാണാനായത്. തീര്‍ച്ചയായും മെച്ചപ്പെട്ട വിടവാങ്ങല്‍ അശ്വിന്‍ അര്‍ഹിച്ചിരുന്നു. പിടിഐക്ക് നല്‍കിയ പ്രതികരണത്തില്‍ കപില്‍ദേവ് പറഞ്ഞു. ഇന്ത്യന്‍ മണ്ണില്‍ വെച്ച് അശ്വിന് വിരമിക്കല്‍ പ്രഖ്യാപിക്കാമായിരുന്നു. എന്തുകൊണ്ട് ഈ ദിവസം തിരെഞ്ഞെടുത്തു എന്നറിയില്ല. അതിന് അശ്വിന്റെ ഭാഗം കേള്‍ക്കേണ്ടതുണ്ട്.
 
 ഇന്ത്യയ്കായി 106 ടെസ്റ്റ് മത്സരങ്ങള്‍ അശ്വിന്‍ കളിച്ചിട്ടുണ്ട്. രാജ്യത്തിനായി വലിയ രീതിയില്‍ സംഭാവന നല്‍കിയിട്ടുള്ള കളിക്കാരനാണ്. ബിസിസിഐ അശ്വിന് വലിയ രീതിയിലുള്ള വിടവാങ്ങല്‍ ചടങ്ങ് സംഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരത്തില്‍ എപ്പോഴും പരീക്ഷണങ്ങള്‍ക്ക് തയ്യാറായിരുന്ന കളിക്കാരനായിരുന്നു അശ്വിനെന്നും ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തി അശ്വിനാണെന്നത് തന്നെ അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരമാണെന്നും കപില്‍ ദേവ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article