ആഷസില്‍ ഇംഗ്ല്ണ്ടിന് കൂട്ടത്തകര്‍ച്ച

Webdunia
ശനി, 22 ഓഗസ്റ്റ് 2015 (10:20 IST)
ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ല്ണ്ട് ബോളിംഗിനു മുന്നില്‍ ഇതുവരെ പൊരുതി വീണ ഓസിസ് ശക്തമായി തിരിച്ചുവരുന്നു. ആഷസ് അഞ്ചാം ടെസ്റ്റിൽ ഓസിസ് ബോളര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലീഷ് പട തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ടപറയുന്ന നായകനു അനുയോജ്യമായ യാത്രയയപ്പ് നൽകാൻ സർവതും മറന്നു പൊരുതുന്ന കംഗാരുക്കളുടെ വീര്യത്തിനു മുന്നില്‍ പകച്ച് നില്‍ക്കുകയാണ് ഇംഗ്ലണ്ട്.

രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ എട്ടു വിക്കറ്റ് നഷടത്തിൽ 107 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. രണ്ടു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഓസീസ് സ്കോറിനേക്കാൾ 374 റൺസ് പിന്നിൽ. 18 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ മാർഷ്, അത്രതന്നെ റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പീറ്റർ സിഡിൽ, 32 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോൺ എന്നിവരാണ് ഇംഗ്ലണ്ടിനെ തകർത്തത്.

സെഞ്ചുറിയോടെ സ്റ്റീവൻ സ്മിത്ത് മുന്നിൽ നിന്നു നയിച്ചപ്പോൾ ഓസ്ട്രേലിയക്കു ഒന്നാം ഇന്നിങ്സിൽ 481 റൺസ് കുറിച്ചു. 33 ടെസ്റ്റുകളിൽ സ്മിത്തിന്റെ പതിനൊന്നാം സെഞ്ചുറിയാണിത്. സ്മിത്തിനു പുറമെ (143) ആദം വോഗസിന്റെയും (76) മിച്ചൽ സ്റ്റാർക്കിന്റെയും (56) ബാറ്റിങ് മികവും ഓസീസിനു തുണയായി. ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദം ലിത്തിനെയും(19) ക്യാപ്റ്റൻ അലസ്റ്റയർ കുക്കിനെയും(22) ഇയാൻ ബെല്ലിനെയും(10) നഷ്ടമായി.

22 റൺസ് നേടിയ ക്യാപ്റ്റൻ അലിസ്റ്റർ കുക്കാണ് ഇംഗ്ലണ്ടിന്റെ ടോപ്സ്കോറർ. കുക്കിന് പുറമെ ആദം ലിത്ത്, ഇയാൽ ബെൽ, ബെയിർസ്റ്റോ (13), സ്റ്റോക്സ് (15) എന്നിവർക്കു മാത്രമേ ഇംഗ്ലീഷ് നിരയിൽ രണ്ടക്കം കടക്കാനായുള്ളൂ. 92 റൺസിൽതന്നെ എട്ടു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ട് 100 കടക്കില്ലെന്ന് തോന്നിച്ചെങ്കിലും മാർക് വുഡും മോയിൻ അലിയും ചേർന്ന് കൂടുതൽ നഷ്ടം കൂടാതെ രണ്ടാം ദിനം കളി അവസാനിപ്പിക്കുകയായിരുന്നു. ഇരുവരും എട്ടു റൺസ് വീതമെടുത്ത് ക്രീസിലുണ്ട്.