കുംബ്ളെ മുംബയ് ഇന്ത്യൻസിന്റെ ചീഫ് മെന്റർ സ്ഥാനം രാജിവച്ചു

Webdunia
ചൊവ്വ, 1 ഡിസം‌ബര്‍ 2015 (11:10 IST)
മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ളെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ചീഫ് മെന്റർ സ്ഥാനം രാജിവച്ചു. 2013ൽ മുതൽ മുംബയ് ഇന്ത്യൻസിന്റെ പ്രധാന ഉപദേശകനായി സേവനം അനുഷ്ഠിച്ചുവരികയായിരുന്ന കുംബ്ളെ ക്രിക്കറ്റ് ഭരണരംഗത്ത് ചില ചുമതലകൾ ഏറ്റെടുക്കുന്നതിനായാണ് രാജിവച്ചത്.

മുംബയ് ഇന്ത്യൻസിനെ പോലെ മികച്ച ടീമിനൊപ്പം പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും തനിക്ക് ഈ അവസരം നൽകിയ അംബാനി കുടുംബത്തോട് നന്ദിയുണ്ടെന്നും കുംബ്ളെ പറഞ്ഞു. മുംബയ് ഇന്ത്യൻസ് താരങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫിനും ആരാധകർക്കും നന്ദി പറയാൻ കുംബ്ളെ മറന്നില്ല.

ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായ കുംബ്ളെ മുഖ്യ ഉപദേശകനായി സേവനം അനുഷ്ഠിച്ച സമയത്ത് മുംബയ് ഇന്ത്യൻസ് രണ്ടുതവണ ഐ.പി.എൽ ചാമ്പ്യൻമാരും ഒരു തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളും ആയിട്ടുണ്ട്.