36 വയസ്സുള്ള ക്യാപ്റ്റന് 35 വയസ്സുള്ള ഉപനായകന്‍; ബിസിസിഐയെ ട്രോളി ആരാധകര്‍

Webdunia
ശനി, 24 ജൂണ്‍ 2023 (08:47 IST)
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ബിസിസിഐയെ ട്രോളി ആരാധകര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി മുന്നില്‍കണ്ട് ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബിസിസിഐ ശ്രമിക്കുന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഉപനായകനായി അജിങ്ക്യ രഹാനെയെ നിയോഗിച്ചത് ബിസിസിഐ കാണിച്ച മണ്ടത്തരമാണെന്ന് ആരാധകര്‍ പറയുന്നു. രോഹിത് ശര്‍മയ്ക്ക് ഇപ്പോള്‍ 36 വയസുണ്ട്. ഈ വര്‍ഷം തന്നെ രോഹിത് ക്യാപ്റ്റന്‍സി ഒഴിയും. രോഹിത്തിന് പകരക്കാരനായി ഏതെങ്കിലും യുവതാരമാണ് ഇനി ടെസ്റ്റ് ക്യാപ്റ്റന്‍സിയിലേക്ക് എത്തേണ്ടത്. ഏതെങ്കിലും യുവതാരത്തിന് ഇപ്പോള്‍ ഉപനായകസ്ഥാനം നല്‍കി ടെസ്റ്റില്‍ പരിചയസമ്പത്ത് ഉറപ്പാക്കുകയാണ് ബിസിസിഐ ചെയ്യേണ്ടിയിരുന്നതെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. 
 
രോഹിത്തിനേക്കാള്‍ ഒരു വയസ് മാത്രം കുറവാണ് അജിങ്ക്യ രഹാനെയ്ക്ക്. രോഹിത്തിന് ശേഷം രഹാനെയെ ടെസ്റ്റ് നായകനാക്കാനാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്. ഇത് ഇന്ത്യക്ക് ഗുണമൊന്നും ചെയ്യില്ലെന്ന് ആരാധകര്‍ പറയുന്നു. രോഹിത്തിനു പിന്നാലെ ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയുള്ള താരമാണ് രഹാനെ. അങ്ങനെയൊരു താരത്തിന് ഇനി ടെസ്റ്റ് ക്യാപ്റ്റന്‍സി നല്‍കുന്നത് ഇന്ത്യക്ക് എന്ത് ഗുണമാണ് ചെയ്യുകയെന്ന് ആരാധകര്‍ ചോദിക്കുന്നു. 
 
അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആകുമ്പോഴേക്കും രോഹിത്തും രഹാനെയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായിട്ടുണ്ടാകും. നിരവധി യുവതാരങ്ങളാണ് അവസരം കാത്തുനില്‍ക്കുന്നത്. ടെസ്റ്റില്‍ ഒരു യുവ ടീമിനെ സജ്ജമാക്കാനുള്ള അവസരമാണ് ബിസിസിഐ നശിപ്പിക്കുന്നതെന്നും ആരാധകര്‍ തുറന്നടിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article