ധോനിക്ക് കീഴിൽ ഇങ്ങനെയായിരുന്നില്ല ടീം സെലക്ഷൻ: തുറന്നടിച്ച് അശ്വിൻ

വെള്ളി, 23 ജൂണ്‍ 2023 (17:30 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടന്ന് ആഴ്ചകളായിട്ടും മത്സരത്തില്‍ ആര്‍ അശ്വിനെ ഒഴിവാക്കിയതിനെ സംബന്ധിച്ചുള്ള ചര്‍ച്ച്ചകള്‍ അവസാനിച്ചിട്ടില്ല. 2013ന് ശേഷം ഒരൊറ്റ ഐസിസി കിരീടവും ഇന്ത്യയ്ക്ക് നേടാനാവാത്തതിനാല്‍ കടുത്ത വിമര്‍ശനമാണ് ഫൈനലിലെ തോല്‍വിയെ തുടര്‍ന്ന് ഉയര്‍ന്നത്. ഇപ്പോഴിതാ എന്തുകൊണ്ട് ധോനിക്ക് കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി ഐസിസി കിരീടങ്ങള്‍ നേടിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ടീമിലെ ഓഫ് സ്പിന്നറായ രവിചന്ദ്ര അശ്വിന്‍.
 
തന്റെ യൂട്യൂബ് ചാനലിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ താരത്തിന്റെ പരോക്ഷമായ വിമര്‍ശനം. 2013ല്‍ ധോനിക്ക് കീഴില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടി 10 വര്‍ഷമായിട്ടും ഇന്ത്യ ഐസിസി കിരീടം നേടാത്തതിനെ പറ്റിയുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. അവനെ ടീമില്‍ നിന്നും മാറ്റണം ഇവനെ മാറ്റണം എന്ന രീതിയിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ വസ്തുത എന്തെന്നാല്‍ ഒരു കളിയിലെ മോശം പ്രകടനം കൊണ്ടോ ഒരൊറ്റ രാത്രി കൊണ്ടോ ഒരാള്‍ ഒരു മോശം കളിക്കാരനാവുന്നില്ല. അതിനാല്‍ ഇത്തരം ചര്‍ച്ചകളില്‍ കാര്യമില്ല.
 
എന്തുകൊണ്ട് ധോനിക്ക് കീഴില്‍ നമ്മള്‍ 3 ഐസിസി കിരീടങ്ങള്‍ നേടി? ധോനിക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമെന്ന രീതിയില്‍ ഞാന്‍ പറയാം. അദ്ദേഹത്തിന്റെ രീതി വളരെ ലളിതമായിരുന്നു. ടീം തോറ്റാലും ജയിച്ചാലും ഒരു ടീമില്‍ വിശ്വസിക്കുക എന്നാണ് അദ്ദേഹം ചെയ്തിരുന്നത്. 15 അംഗ ടീമായാലും പ്ലേയിങ് ഇലവനായാലും അദ്ദേഹം ഒരേ ടീമില്‍ വിശ്വസിച്ചു. ധോനിയുടെ കീഴില്‍ കളിക്കാര്‍ക്ക് ടീമിലെ സ്ഥാനത്തെ പറ്റി അരക്ഷിതബോധം ഉണ്ടായിരുന്നില്ല.ടീമിലെ സ്ഥാനം സുരക്ഷിതമല്ലെങ്കില്‍ അത് കളിക്കാരനെ മാനസികമായി ബാധിക്കും. തോറ്റാലും ജയിച്ചാലും ഫൈനല്‍ വരെയും ഒരേ ടീമിനെ കളിപ്പിക്കുകയാണ് ധോനി ചെയ്തത്. അശ്വിന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍