ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ കുറിച്ച് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ആയിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിക്കുമെന്നും സഞ്ജു ക്യാപ്റ്റനാകുമെന്നുമാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിലെ സത്യാവസ്ഥ എന്താണ്?
സഞ്ജു ഇന്ത്യയെ നയിക്കുമെന്ന മാധ്യമവാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിക്കാനോ സഞ്ജുവിനെ നായകനാക്കാനോ ബിസിസിഐ ഇതുവരെ തീരുമാനിച്ചിട്ടില്ല. ട്വന്റി 20 പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് ബിസിസിഐയും സെലക്ടര്‍മാരും സഞ്ജുവിനെ പരിഗണിക്കുന്നത് തന്നെ. ഇങ്ങനെയൊരു സാഹചര്യത്തില്‍ സഞ്ജുവിന് ക്യാപ്റ്റന്‍സി ലഭിക്കുമെന്ന വാര്‍ത്തകള്‍ പൂര്‍ണമായും അടിസ്ഥാന രഹിതമാണ്. ഇഷാന്‍ കിഷനെയാണ് പ്രധാന വിക്കറ്റ് കീപ്പറായി ബിസിസിഐ പരിഗണിക്കുന്നത്.
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാത്ത ഹാര്‍ദിക്കിന് ഐപിഎല്ലിന് ശേഷം ആവശ്യമായ വിശ്രമം ലഭിച്ചു കഴിഞ്ഞു. പരുക്കോ മറ്റ് ശാരീരിക പ്രശ്‌നങ്ങളോ ഹാര്‍ദിക്കിന് നിലവില്‍ ഇല്ല. അതുകൊണ്ട് വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഹാര്‍ദിക് തന്നെ ഇന്ത്യയെ നയിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.