ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തോല്‍വിക്ക് കാരണം ഐപിഎല്‍ അല്ല: രവി ശാസ്ത്രി

വ്യാഴം, 22 ജൂണ്‍ 2023 (15:14 IST)
ഓസീസിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേറ്റ തോല്‍വിയുടെ ആഘാതത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഓസീസിനെതിരെ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ടീം പരിശീലകസ്ഥാനത്ത് നിന്നും രാഹുല്‍ ദ്രാവിഡിനെ മാറ്റണമെന്നും യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി ടെസ്റ്റ് ടീമിനെ ഉടച്ചുവാര്‍ക്കണമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. കൂട്ടത്തില്‍ ഐപിഎല്‍ ടൂര്‍ണമെന്റിന് ശേഷം ഫൈനല്‍ കളിക്കാന്‍ കളിക്കാര്‍ക്ക് വേണ്ടത്ര ഇടവേള ലഭിച്ചില്ലെന്നും ഐപിഎല്ലിന് പ്രാമുഖ്യം നല്‍കുന്നത് മാറ്റി അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്ക് ബിസിസിഐ പ്രാധാന്യം നല്‍കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.
 
ഈ സാഹചര്യത്തില്‍ ഐപിഎല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് കാരണമായോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവിശാസ്ത്രി. ഐപിഎല്ലിൽ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും തമ്മില്‍ ഇടവേളയുണ്ടായില്ല എന്നത് സത്യമാണെന്നും ഇക്കാര്യത്തില്‍ കുറച്ചുകൂടി ആസൂത്രണം ടീം മാനേജ്‌മെന്റ് നടത്തണമായിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു.
 
ഐപിഎല്‍ മാറ്റിവെയ്ക്കുന്നത് സാധ്യമല്ല. എങ്കിലും ഇന്ത്യന്‍ ടീമിലെ പ്രധാനകളിക്കാര്‍ക്ക് ഐപിഎല്ലിന്റെ അവസാനഘട്ടത്തില്‍ വിശ്രമം നല്‍കണമായിരുന്നു. ഓസീസിന്റെ ഒരു ഫാസ്റ്റ് ബൗളര്‍ പോലും ഐപിഎല്ലില്‍ കളിച്ചിരുന്നില്ല. അതിനാല്‍ അവര്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചു. ഐപിഎല്‍ ഇന്ത്യയുടെ രാജ്യാന്തര കലണ്ടറിന് തടസ്സമാണെന്ന് പറഞ്ഞുകൂടാ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പൊന്മുട്ടയിടുന്ന താറാവാണ് ഐപിഎല്‍. ഒടേറെ താരങ്ങളെ ഐപിഎല്ലിലൂടെ നമുക്ക് ലഭിച്ചു. അതിനാല്‍ ഐപിഎല്ലിനെ പ്രതികൂട്ടിലാക്കുകയല്ല പകരം സമര്‍ഥമായി ഉപയോഗിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. രവിശാസ്ത്രി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍