ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാത്തത് എന്തുകൊണ്ടാണ്?

വ്യാഴം, 22 ജൂണ്‍ 2023 (15:59 IST)
കപില്‍ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ആണ് ഹാര്‍ദിക് പാണ്ഡ്യ. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് ഒഴിച്ചുകൂടാനാവാത്ത താരമാണ് ഹാര്‍ദിക്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഹാര്‍ദിക്കിന് അധികം തിളങ്ങാന്‍ സാധിച്ചിട്ടില്ല. വെറും 11 ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് ഹാര്‍ദിക് ഇന്ത്യക്ക് വേണ്ടി കളിച്ചിരിക്കുന്നത്. 18 ഇന്നിങ്‌സുകളില്‍ നിന്നായി 532 റണ്‍സും 17 വിക്കറ്റുകളും ഹാര്‍ദിക് സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും ഹാര്‍ദിക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്നില്ല. അതിനൊരു കാരണമുണ്ട്..! 
 
2017 ല്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് ഹാര്‍ദിക് ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഏകദേശം ഒരു വര്‍ഷം മാത്രമാണ് പിന്നീട് ഹാര്‍ദിക് ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിച്ചത്. 2018 ലെ ഏഷ്യാ കപ്പില്‍ കളിക്കുന്നതിനിടെ ഹാര്‍ദിക്കിന് ഗുരുതരമായ പരുക്കേറ്റിരുന്നു. നട്ടെല്ലിനാണ് അന്ന് താരത്തിനു പരുക്കേറ്റത്. 2019 ല്‍ ഹാര്‍ദിക് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഈ പരുക്കിന് ശേഷം താരം ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. വൈറ്റ് ബോളില്‍ തന്റെ സാന്നിധ്യം എത്രത്തോളം വിലപ്പെട്ടതാണെന്ന് മനസ്സിലാക്കിയ ഹാര്‍ദിക് പിന്നീട് ടെസ്റ്റ് ഫോര്‍മാറ്റ് ഉപേക്ഷിക്കുകയായിരുന്നു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് മത്സരത്തില്‍ കളിക്കാന്‍ താരത്തിന്റെ പരുക്കാണ് അനുവദിക്കാത്തത്. അങ്ങനെ ടെസ്റ്റ് മത്സരം വീണ്ടും കളിച്ചാല്‍ നട്ടെല്ലിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ സാധ്യത കൂടുതലാണ്. ഇക്കാരണത്താലാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് മാറിനില്‍ക്കാന്‍ ഹാര്‍ദിക് നിര്‍ബന്ധിതനായത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍