ഏകദിന ലോകകപ്പില്‍ രോഹിത് നയിക്കും, കോലി വണ്‍ഡൗണ്‍; ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക്കും ജഡേജയും

വ്യാഴം, 22 ജൂണ്‍ 2023 (08:57 IST)
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുക രോഹിത് ശര്‍മ തന്നെ. ലോകകപ്പിനു മുന്‍പ് ഇന്ത്യന്‍ ടീമില്‍ തലമുറ മാറ്റം നടപ്പിലാക്കാന്‍ ഉദ്ദേശമില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലക സ്ഥാനത്ത് തുടരും. വിരാട് കോലി, കെ.എല്‍.രാഹുല്‍ എന്നിവരെല്ലാം ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന സൂചനയാണ് ബിസിസിഐ നല്‍കുന്നത്. 
 
രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമായിരിക്കും പ്രധാന ഓപ്പണര്‍മാര്‍. ബാക്കപ്പ് ഓപ്പണര്‍മാരായി ഇഷാന്‍ കിഷനും യഷ്വസി ജയ്‌സ്വാളും ടീമില്‍ ഇടം പിടിച്ചേക്കും. വിരാട് കോലിക്ക് തന്നെയാണ് വണ്‍ഡൗണ്‍ ബാറ്റര്‍ സ്ഥാനം. ഐപിഎല്ലില്‍ മികച്ച ഫോമിലായിരുന്ന അജിങ്ക്യ രഹാനെയെ ബാക്കപ്പ് ഓപ്ഷനായി പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍ എന്നിവരും മധ്യനിരയില്‍ സ്ഥാനം ഉറപ്പിക്കും. സൂര്യകുമാര്‍ യാദവിനെ മധ്യനിരയില്‍ ബാക്കപ്പ് ഓപ്ഷനായി പരിഗണിക്കും. 
 
റിഷഭ് പന്ത് തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. പന്ത് പരുക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിക്കും. മൂന്ന് പേരെയാണ് ഓള്‍റൗണ്ടര്‍ ഓപ്ഷനിലേക്ക് പരിഗണിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍. 
 
സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരെ പരിഗണിക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരെയാണ് പേസ് ബൗളിങ് യൂണിറ്റിലേക്ക് പരിഗണിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍