ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിക്കുന്ന വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വിന്‍ഡീസില്‍ 2 ടെസ്റ്റ് മത്സരങ്ങളും 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ടെസ്റ്റ് ടീമില്‍ നിന്നും നായകന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കുമെന്നാണ് ആദ്യം അറിയിച്ചിരുന്നെങ്കിലും താരത്തിന് വിശ്രമം നല്‍കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ രോഹിത് തന്നെയാകും നയിക്കുക.
അതേസമയം യുവതാരം യശ്വസി ജയ്‌സ്വാള്‍ അടക്കമുള്ള താരങ്ങള്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെടുമെന്ന് റിപ്പൊര്‍ട്ടുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിനെ നയിക്കുക. ഐപിഎല്ലില്‍ നിറം മങ്ങിയെങ്കിലും ഇന്ത്യയുടെ ടി20,ഏകദിന ടീമുകളില്‍ സഞ്ജു സാംസണും ഇടം പ്രതീക്ഷിക്കുന്നുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ വിന്‍ഡീസ് പര്യടനത്തില്‍ ഇടം പിടിക്കാനും മികച്ച പ്രകടനം നടത്താനും സാധിച്ചാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിക്കും. അതിനാല്‍ തന്നെ ഇന്നത്തെ ടീം പ്രഖ്യാപനം സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറില്‍ നിര്‍ണായകമാകും.