KL Rahul: കെ.എല്‍.രാഹുലിനെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് മറുപടി നല്‍കി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. രാഹുല്‍ ടോപ് ഓര്‍ഡറില്‍ കളിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതിരുന്നതെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പറെയാണ് തങ്ങള്‍ക്ക് ആവശ്യമെന്നും അതുകൊണ്ടാണ് രാഹുലിനെ ഒഴിവാക്കി സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും ലോകകപ്പ് ടീം പ്രഖ്യാപനത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ അഗാര്‍ക്കര്‍ പറഞ്ഞു. രോഹിത് ശര്‍മയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
' രാഹുല്‍ ഇപ്പോള്‍ ടോപ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്യുന്നത്. ഞങ്ങള്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പറെയാണ് നോക്കിയത്. ബാറ്റിങ് ഓര്‍ഡറില്‍ താഴെയിറങ്ങി ബാറ്റ് ചെയ്യാനുള്ള കഴിവ് സഞ്ജുവിനുണ്ട്. നമുക്ക് ആവശ്യമായ സ്ലോട്ടുകളിലേക്ക് താരങ്ങളെ എടുക്കകയല്ലേ വേണ്ടത്. അതാണ് പന്തിനേയും സഞ്ജുവിനേയും ടീമില്‍ എടുക്കാന്‍ കാരണം,' അഗാര്‍ക്കര്‍ പറഞ്ഞു.
ഏത് നമ്പറില്‍ വേണമെങ്കിലും സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ സാധിക്കും. മധ്യനിരയിലേക്കുള്ള താരങ്ങളെയാണ് ഞങ്ങള്‍ പ്രത്യേകം നോക്കിയത്. ആരാണ് മികച്ചത് എന്നതല്ല നമുക്ക് ആവശ്യമായ കളിക്കാര്‍ ആരൊക്കെ എന്നതാണ് ടീം പ്രഖ്യാപിക്കുമ്പോള്‍ പ്രധാനപ്പെട്ടതെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.