Mumbai Indians: ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും തമ്മില്‍ വാക്കേറ്റം; പിടിച്ചുമാറ്റിയത് രോഹിത്തും നിത അംബാനിയും !

രേണുക വേണു
വ്യാഴം, 2 മെയ് 2024 (17:32 IST)
Tilak Varma and Hardik Pandya

Mumbai Indians: മുംബൈ ഇന്ത്യന്‍സ് ടീമില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും സഹതാരങ്ങളും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും മുംബൈയുടെ ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മയും ഡ്രസിങ് റൂമില്‍ വെച്ച് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുന്‍ നായകന്‍ രോഹിത് ശര്‍മയും ടീം ഉടമ നിത അംബാനിയും ചേര്‍ന്നാണ് ഇരുവരേയും പിടിച്ചുമാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
ഏപ്രില്‍ 27 ഞായറാഴ്ച നടന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനു ശേഷമാണ് ഇരു താരങ്ങളും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 10 റണ്‍സിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 257 റണ്‍സെടുത്തപ്പോള്‍ മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 247 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 32 പന്തില്‍ 63 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 
 
മത്സരശേഷം തിലക് വര്‍മയ്‌ക്കെതിരെ ഹാര്‍ദിക് നടത്തിയ പരാമര്‍ശമാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇടംകൈയന്‍ സ്പിന്നറായ അക്ഷര്‍ പട്ടേലിനെതിരെ ഇടംകൈയന്‍ ബാറ്റര്‍മാര്‍ കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യേണ്ടതായിരുന്നു എന്നാണ് ഹാര്‍ദിക് പറഞ്ഞത്. തിലക് വര്‍മയെ പരോക്ഷമായി ഉദ്ദേശിച്ചാണ് ഹാര്‍ദിക്കിന്റെ പരാമര്‍ശം. ഡ്രസിങ് റൂമില്‍ വെച്ച് തിലക് ഇതേ കുറിച്ച് ചോദ്യം ചെയ്‌തെന്നും പിന്നീട് ഇരു താരങ്ങളും തമ്മിലുള്ള വാക്കേറ്റം അതിരുകടന്നെന്നുമാണ് റിപ്പോര്‍ട്ട്. രോഹിത് ശര്‍മയും നിത അംബാനിയും പ്രശ്‌നത്തില്‍ ഇടപെടുകയും ഇരുവരെയും പിടിച്ചുമാറ്റുകയും ആയിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article