Afghanistan vs South Africa, T20 World Cup 2024: ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കു ജയം. ഓസ്‌ട്രേലിയയെ അടക്കം വിറപ്പിച്ച് സെമിയിലേക്ക് എത്തിയ അഫ്ഘാനിസ്ഥാനെ ഒന്‍പത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഐസിസി ലോകകപ്പ് സെമി ഫൈനലില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്ക വിജയം നേടുന്നത്. ഇംഗ്ലണ്ട്-ഇന്ത്യ സെമി ഫൈനല്‍ മത്സരത്തിലെ വിജയികള്‍ ആയിരിക്കും ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍.
ടോസ് ലഭിച്ച അഫ്ഘാനിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടക്കം മുതല്‍ വന്‍ തിരിച്ചടികളാണ് അഫ്ഘാന്‍ നേരിട്ടത്. സ്‌കോര്‍ ബോര്‍ഡില്‍ 23 റണ്‍സ് ആകുമ്പോഴേക്കും അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. 11.5 ഓവറില്‍ 56 റണ്‍സിന് ഓള്‍ഔട്ട് ! രണ്ടക്കം കണ്ടത് അസ്മത്തുള്ള ഒമര്‍സായ് മാത്രം, 10 റണ്‍സ് ! ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മാര്‍ക്കോ ജാന്‍സണ്‍ മൂന്ന് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സ്പിന്നര്‍ ഷംസിക്കും മൂന്ന് വിക്കറ്റുകള്‍. റബാഡയും നോര്‍ക്കിയയും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഓവറില്‍ നഷ്ടമായെങ്കിലും റീസ ഹെന്‍ഡ്രിക്‌സും ഏദന്‍ മാര്‍ക്രവും ചേര്‍ന്ന് വിജയത്തിലെത്തിച്ചു. ഹെന്‍ഡ്രിക്‌സ് 25 പന്തില്‍ പുറത്താകാതെ 29 റണ്‍സും മാര്‍ക്രം 21 പന്തില്‍ പുറത്താകാതെ 23 റണ്‍സും നേടി.