അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ വിജയത്തിൻ്റെ വക്കിൽ നിന്നും പാകിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ തോൽവിയിൽ മനം നൊന്ത് പാകിസ്ഥാൻ ആരാധകരെ കായികമായി നേരിട്ട് അഫ്ഗാൻ ആരാഹകർ. മത്സരം നടന്ന ഷാർജ സ്റ്റേഡിയത്തിൻ്റെ ഗാലറിയിലാണ് ആരാധകർ തമ്മിൽ കയ്യാങ്കളിയിലേർപ്പെട്ടത്. നേരത്തെ ഗ്രൗണ്ടിൽ പാക്- അഫ്ഗാൻ താരങ്ങൾ തമ്മിൽ ഉരസിയിരുന്നു. ഇതിൻ്റെ ബാക്കിയെന്നോണം ഗാലറിയിലും സ്റ്റേഡിയത്തിന് പുറത്തും ആരാധകർ തമ്മിൽ സംഘർഷമുണ്ടായി.
മത്സരത്തിൻ്റെ പത്തൊമ്പതാം ഓവറിൽ അഫ്‌ഗാന്‍ ബൗളര്‍ ഫരീദ് അഹമ്മദിന്‍റെ നാലാം പന്ത് ആസിഫ് അലി കൂറ്റന്‍ സിക്‌സറിന് പറത്തി. തൊട്ടടുത്ത പന്തില്‍ ബൗണ്‍സര്‍ എറിഞ്ഞ് ആസിഫ് അലിയെ ഫരീദ് പുറത്താക്കി. ഫരീദിൻ്റെ വിക്കറ്റ് ആഘോഷം ഇഷ്ടപ്പെടാതിരുന്ന ആസിഫ് അലി ഫരീദിനെ പിടിച്ചു തള്ളി. എന്നാൽ വിട്ടുകൊടുക്കാൻ ഫരീദും തയ്യാറായില്ല. തുടർന്ന് ആസിഫ് അലി ബാറ്റ് ഉയർത്തുന്നതിലേക്ക് വരെ നീങ്ങിയെങ്കിലും രംഗം വഷളാകാതെ മറ്റ് താരങ്ങൾ നിയന്ത്രിക്കുകയായിരുന്നു.