ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ തന്നോട് കാണിക്കുന്ന സ്‌നേഹം മറക്കാനാകില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഈ സ്നേഹം അദ്ഭുതപ്പെടുത്തുന്നതാണ്. ഇന്ത്യയില്‍ കളിക്കാന്‍ എത്തുമ്പോള്‍ എല്ലാം അവര്‍ എന്നെ പിന്തുണച്ചുവെന്നും എബി വ്യക്തമാക്കി.
ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ പോലും അവര്‍ എന്നെ ഇന്ത്യാക്കാരനെയെന്ന പോലെ സ്‌നേഹിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്‌തു. 2015ൽ വാങ്കഡെയിൽ ഏകദിനം കളിച്ചപ്പോഴത്തെ പ്രതികരണം മറക്കാനാവില്ല. കളി കാണാന്‍ എത്തിയവരെല്ലാം എബി, എബി എന്നാർത്തു വിളിച്ചു. ഞാൻ പറയുന്നതു പോലും എനിക്കു കേൾക്കാൻ കഴിയാത്ത സ്ഥിതി. ഇത് മറക്കാന്‍ കഴിയില്ലെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ഇന്ത്യന്‍ ആരാധകരുടെ സ്‌നേഹത്തില്‍ നിന്നാണ് ആത്മകഥ തുടരുന്നതെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു. ആത്മകഥയായ ‘എബി: ദി ഓട്ടോ ബയോഗ്രഫി’ ഉടന്‍ വില്‍പ്പനയ്‌ക്ക് എത്താനിരിക്കെയാണ് ദക്ഷിണാഫ്രിക്കന്‍ താരം ഇന്ത്യാക്കാരോടുള്ള സ്‌നേഹം പറയുന്നത്. ആത്മകഥയ്‌ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന സ്വീകരണം എബിയെ ഞെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.