ഓസ്‌ട്രേലിയ നല്‍കിയ എട്ടിന്റെ പണി; ലോകകപ്പില്‍ ഇന്ത്യ പരാജയമാകുമോ! ?

Webdunia
തിങ്കള്‍, 18 മാര്‍ച്ച് 2019 (14:59 IST)
ലോകകപ്പ് വര്‍ഷത്തിലൂടെയാണ് ക്രിക്കറ്റ് ലോകം കടന്നു പോകുന്നത്. കിരീടം നിലനിര്‍ത്താനും കപ്പ് തിരിച്ചു പിടിക്കാനുമുള്ള ഒരുക്കങ്ങള്‍ എല്ലാ ടീമുകളും ആരംഭിച്ചു കഴിഞ്ഞു. ലോകകപ്പിനായുള്ള ടീമിനെ വാര്‍ത്തെടുക്കാനാണ് 2019 വര്‍ഷം മുഴവന്‍ ടീം ഇന്ത്യ ഉപയോഗിച്ചത്.

ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ മുന്‍ നിരയിലായിരുന്നു വിരാട് കോഹ്‌ലിയുടെ സംഘം. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20, ഏകദിന പരമ്പരകള്‍ കൈവിട്ടതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ഓസ്‌ട്രേലിയ പട്ടികയിലെ ഫേവറേറ്റുകളായി.

ട്വന്റി-20 കൈവിട്ടതിന് പിന്നാലെ അവസാന മൂന്ന് ഏകദിന മത്സരങ്ങളില്‍ ഇന്ത്യ നടത്തിയ ദയനീയ പ്രകടനമാണ് കോഹ്‌ലിപ്പടയുടെ സാധ്യതകളെ പിന്നിലാക്കുന്നത്. എന്നാല്‍, ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ പറയുന്നത്.

സ്വന്തം നാട്ടില്‍ നടന്ന പരമ്പരകളാണ് ഇന്ത്യ കൈവിട്ടത്. ഇതാണ് ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. ഇംഗ്ലീഷ് മണ്ണിലെ വേഗമുള്ള പിച്ചുകളില്‍ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ ഇന്ത്യയുടെ വഴിമുടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ടിനോ ഇന്ത്യക്കോ ആയിരിക്കും ലോകകപ്പെന്ന് പ്രവചിച്ച പല താരങ്ങളും നിലപാടില്‍ മാറ്റം വരുത്തിക്കഴിഞ്ഞു. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ പട്ടികയില്‍ പാകിസ്ഥാന്‍, ഓസ്‌ട്രേലിയയും ഇടം പിടിച്ചുകഴിഞ്ഞു. മുന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണും ഗൗതം ഗംഭീറും ഇതേ അഭിപ്രായക്കാരാണ്.

ഓസ്‌ട്രേലിയ ആയിരിക്കും ഇന്ത്യക്ക് വെല്ലുവിളിയാവുന്നതെന്നാണ് ഗംഭീര്‍ പറയുന്നത്. കൃത്യമായ സമയത്ത് ഫോമിലായ ഓസീസ് ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും മിച്ചല്‍ സ്റ്റാര്‍ക്കും തിരിച്ചുവരുന്നതോടെ ലോകകപ്പിലെ ശക്തമായ ടീമായി തീരുമെന്ന് ഷെയ്ന്‍ വോണ്‍ പ്രവചിച്ചു കഴിഞ്ഞു. സാധ്യത ഇംഗ്ലണ്ടിന് തന്നെയാണെന്നാണ് അവരുടെ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ പറയുന്നത്. എന്നാല്‍ നാസര്‍ ഹുസൈന്റെ അഭിപ്രായത്തില്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും തുല്യമായ സാധ്യതയാണ് കല്‍പ്പിക്കുന്നത്.

ലോക ക്രിക്കറ്റ് കിരീടം നേടാന്‍ ഇംഗ്ലണ്ടിനും പിന്നെ ഇന്ത്യക്കുമാണ് ഏറ്റവും കൂടുതല്‍ സാധ്യതയെന്നാണ്  ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് അഭിപ്രായപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article