ഷമി ഇല്ലാത്ത ലോകകപ്പോ ?. കോഹ്‌ലിക്ക് ഓര്‍ക്കാന്‍ പോലുമാകില്ല - ആശങ്കയ്‌ക്ക് തിരികൊളുത്തി അന്വേഷണ സംഘം
വെള്ളി, 15 മാര്‍ച്ച് 2019 (17:41 IST)
മുഹമ്മദ് ഷമി ഇല്ലാത്ത ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങളെ കുറിച്ച് വിരാട് കോഹ്‌ലിക്ക് സങ്കല്‍പ്പിക്കാനാകില്ല. പേസും ബൌണ്‍സും നിറഞ്ഞ ഇംഗ്ലീഷ് മണ്ണില്‍ ജസ്‌പ്രിത് ബുമ്രയും ഷമിയുമാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ടെസ്‌റ്റ് മത്സരങ്ങളില്‍ ഷമിയും ബുമ്രയുമായിരുന്നു ഇന്ത്യയുടെ ആയുധങ്ങള്‍. ലോകകപ്പ് അടുത്തിരിക്കെ ഇരുവരും ടീം ഇന്ത്യക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.
എന്നാല്‍, ഷമി ലോകകപ്പില്‍ പങ്കെടുക്കുമോ എന്ന ആശങ്ക ക്രിക്കറ്റ് ലോകത്ത് ശക്തമായി. താരത്തിനെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ സ്‌ത്രീധന, ലൈംഗിക പീഡന കേസുകളാണ് ഇന്ത്യന്‍ ടീമിനെയും മാനേജ്‌മെന്റിനെയും ആശങ്കപ്പെടുത്തുന്നത്.
ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയിൽ അലിപോർ മജിസ്ട്രേറ്റ് കോടതിയിലാണ് കൊൽക്കത്ത പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഷമിയുടെ സഹാദരനെയും പ്രതി ചേർത്തുള്ളതാണ് കുറ്റപത്രം. കേസ് നടപടികളുടെ ഭാഗമായി കോടതി വാദം കേള്‍ക്കുന്നത് ജൂണ്‍ 22നാണ്.
ഷമിയോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നതും ഇതേ ദിവസമാണ്. എന്നാല്‍, ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം നടക്കുന്നതും ജൂണ്‍ 22നാണ്. കോടതിയുടെ നിലപാട് രൂക്ഷമാണെങ്കില്‍ താരത്തിന് തുടര്‍ന്നുള്ള മത്സരങ്ങളും നഷ്‌ടമാകും.
അടുത്തമാസമാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. ഇംഗ്ലണ്ടിലെ വേഗമുള്ള പിച്ചുകളില്‍ ഷമിയും ബുമ്രയുമാണ് ഇന്ത്യയുടെ വജ്രായുധങ്ങള്‍. കേസ് നടപടികളുമായി താരത്തിന് ഇന്ത്യയില്‍ നില്‍ക്കേണ്ടി വന്നാല്‍ കോഹ്‌ലിയുടെ തീരുമാനങ്ങള്‍ കീഴ്‌മേല്‍ മറിയും.
ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കേസുകളിൽ ജമ്യമില്ലാ വകുപ്പുകളാണ് ഷമിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ നേരത്തെ ചുമത്തിയിരുന്ന കൊലപാതക ശ്രമത്തിനും ബലത്സംഗത്തിനും ചുമത്തുന്ന വകുപ്പുകൾ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി എന്നത് ഷമിക്ക് അൽപം ആശ്വാസം നൽകുന്നതാണ്.