ആരാധകര്‍ പന്തിനെ നാണംകെടുത്തിയപ്പോള്‍ കോഹ്‌ലി കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു ? - ഞെട്ടിപ്പിക്കുന്ന വീഡിയോ
ബുധന്‍, 13 മാര്‍ച്ച് 2019 (15:21 IST)
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും വിരാട് കോഹ്‌ലി കിരീടം വയ്‌ക്കാത്ത രാജാവാണ്. തള്ളിപ്പറഞ്ഞവരെ പോലും ആരാധകരാക്കിയ ചരിത്രമാണ് ഇന്ത്യന്‍ ക്യാപ്‌റ്റനുള്ളത്. പിഴയ്‌ക്കാത്ത ചുവടുകളുമായി വിരാട് ക്രീസിലെത്തുമ്പോള്‍
റെക്കോര്‍ഡുകള്‍ തകരുകയും പുതിയവ സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്നത് പതിവ് കാഴ്‌ചയായി തീര്‍ന്നിരിക്കുന്നു.
കോഹ്‌ലിയുടെ വളര്‍ച്ചയ്‌ക്ക് പിന്നില്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന്റെ സന്നിധ്യമാണെന്ന് പരിശീലകന്‍ രവി ശാസ്‌ത്രിയടക്കമുള്ള മുന്‍ താരങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ധോണി കൂടെയുള്ളപ്പോള്‍ കോഹ്‌ലിയുടെ ശരീരഭാഷ വ്യത്യസ്ഥമാണ്. കോണ്‍ഫിഡന്‍സ് മാത്രമാകും ആ മുഖത്ത് കാണാന്‍ സാധിക്കുക.
എന്നാല്‍, ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ ധോണിക്ക് വിശ്രമം നല്‍കിയത് ടീമിന് തിരിച്ചടിയായെന്ന് മുന്‍ താരം ബിഷന്‍സിംഗ് ബേദി അഭിപ്രായപ്പെട്ടിരുന്നു. ധോണിക്ക് പകരക്കാരനായ ഋഷഭ് പന്ത് വിക്കറ്റിന് പിന്നില്‍ വരുത്തുന്ന പിഴവുകളും കോഹ്‌ലിയില്‍ കാണുന്ന സമ്മര്‍ദ്ദവുമാണ് മുന്‍ താരത്തെ ഇങ്ങനെ പറയിപ്പിച്ചത്.
മോഹാലിയില്‍ നടന്ന നാലം ഏകദിനത്തില്‍ 358 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയിട്ടും കോഹ്‌ലിയും സംഘവും തോറ്റു. അപ്രതീക്ഷിതമായ പരാജയത്തിന് കാരണം പന്തിന്റെ പിഴവുകളാണെന്ന വിമര്‍ശനം ശക്തമാണ്. ഓസീസിന്റെ രക്ഷകരായ ഹാന്‍ഡ്‌സ്‌കോമ്പ്, ആഷ്‌ടണ്‍ ടേണർ എന്നിവരെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരങ്ങളാണ് പന്ത് പാഴാക്കിയത്.
അവസരങ്ങള്‍ പാഴാക്കുന്ന പന്തിനെ പരിഹസിച്ച് ആരാധകര്‍ ധോണിക്കായി അലറി വിളിച്ചത് വലിയ വാര്‍ത്തയായിരുന്നു. യുവതാരത്തിന്റെ ആത്മവീര്യം കെടുത്തുന്ന തരത്തിലായിരുന്നു ഗ്യാലറിയില്‍ നിന്ന് ധോണിക്കായുള്ള മുറവിളി.
എന്നാല്‍, ആരാധകരുടെ ഈ ആവശ്യത്തിനെ സപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ കോഹ്‌ലി ഗ്രൌണ്ടില്‍ പ്രതികരിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിരാട്, മഹിഭായിയെ തിരികെ വിളിക്കൂ എന്ന ആരാധകരുടെ ആവശ്യം കേട്ട് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോഹ്‌ലി കയ്യടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആരാധകരെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു അദ്ദേഹം.
കുൽദീപ് യാദവ് എറിഞ്ഞ 38മത് ഓവറിലും ചാഹലിന്റെ നാല്‍പ്പത്തിമൂന്നാമത് ഓവറിലുമാണ് പന്ത് അവസരങ്ങള്‍ പാഴാക്കിയത്. യുവതാരത്തിന്റെ വീഴ്‌ചകള്‍ കണ്ട കോഹ്‌ലിയും അസ്വസ്ഥനായിരുന്നു. ചാഹലും നിരാശ പരസ്യമായി പ്രകടിപ്പിച്ചു.