ഡ്രസിംഗ് റൂമില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പൊട്ടിക്കരഞ്ഞു; പലരും ഉറങ്ങിയതു പോലുമില്ല

Webdunia
ബുധന്‍, 25 മാര്‍ച്ച് 2015 (14:33 IST)
ശ്മാശന മൂകതയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഡ്രസിംഗ് റൂമില്‍, ആരും പരസ്‌പരും മിണ്ടിയില്ല. എബി ഡിവില്ലിയേഴ്‌സ് മോര്‍ണി മോര്‍ക്കലിന്റെ കസേരയ്‌ക്ക് അടുത്ത് എത്തിയെങ്കിലും മോര്‍ക്കല്‍ വിതുമ്പുകയായിരുന്നു. എന്തു പറയണമെന്നറിയാതെ ഡിവില്ലിയേഴ്‌സ് സമീപത്ത് തന്നെയിരുന്നു. ജീന്‍ പോള്‍ ഡുമിനിയും ഫാഫ് ഡു പ്ലെസിയും ഗ്രൌണ്ടിലെ വിതുമ്പല്‍ ഡ്രസിംഗ് റൂമിലും തുടര്‍ന്നതോടെ എല്ലവരും ടീം ഒന്നടങ്കം മൂകമാകുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ അവസാന ഓവറില്‍ പരാജയം നുണഞ്ഞ ദക്ഷിണാഫ്രിക്കന്‍ ടീം അംഗങ്ങള്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. അവിശ്വസനീയതയോടെ തികഞ്ഞ നിരാശയോടെ കണ്ണീര്‍ വാര്‍ത്താണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ മിക്കവരും മൈതാനം വിട്ടത്.

ഡ്രസിംഗ് റൂമില്‍ നിന്ന് ഹോട്ടലിലേക്ക് പോകാന്‍ പോലും ഡെയ്‌ല്‍ സ്‌റ്റെയിന് താല്‍പ്പര്യം ഇല്ലായിരുന്നു. ബാഗുകള്‍ അടയ്‌ക്കുന്നതിന്റെയും ഷൂസ് നിലത്ത് ഉരയുന്നതിന്റെയും ശബ്‌ദം മാത്രമാണ് ഡ്രസിംഗ് റൂമില്‍ കേള്‍ക്കാന്‍ കഴിഞ്ഞത്. താരങ്ങള്‍ നിരാശ തുടര്‍ന്നതോടെ പരിശീലകനായ റസ്സല്‍ ഡോമിനും സപ്പോര്‍ട്ടിംഗ് സ്‌റ്റാഫും പ്രതിസന്ധിയിലായി. എന്ത് പറയണം ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഏറേ പണിപ്പെട്ടാണ് ഡിവില്ലിയേഴ്‌സിനെയും സംഘത്തെയും ഹോട്ടലിലേക്കുള്ള ബസില്‍ കയറ്റിയത്.

സാധാരണ ഐ പോഡിലൂടെ മ്യൂസിക് കേട്ട് ആനന്ദിക്കാറുള്ള ക്വിന്റണ്‍ ഡി കോക്ക് ബസില്‍ ആരോടും സംസാരിക്കാതെ വെളിയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു. ബസില്‍ പരസ്‌പരം സംസാരിക്കുന്നതിനോ തമാശ കൂടുന്നതിനോ ആരും തയാറായില്ല. ഹോട്ടലില്‍ എത്തിയ ഉടന്‍ എല്ലാവരും അതാത് മുറികളില്‍ കയറി വാതിലടയ്‌ക്കുകയയിരുന്നു. ആരെയും മുറിക്ക് പുറത്ത് കണ്ടില്ല. പലരും ഭക്ഷണം കഴിക്കാന്‍ പോലും തയാറായില്ലെന്ന് ചില ഓസ്ട്രേലിയന്‍ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കപ്പിനും ചുണ്ടിനുമിടയില്‍ വെച്ച് ലോകകപ്പ് ഫൈനലിലേക്കുള്ള പ്രവേശനം കൈവിട്ടു പോകുന്ന വേദന ടീം അംഗങ്ങളെ ബാധിച്ചിരുന്നു. ലോകകപ്പ് എന്നും ദക്ഷിണാഫ്രിക്കക്ക് സമ്മാനിച്ചിട്ടുള്ളത് കയ്പുനീര്‍ മാത്രമായിരുന്നു. ഇത്തവണയും എതിര്‍ടീമിന്റെ കഴിവിനേക്കാള്‍ സ്വന്തം താരങ്ങള്‍ വരുത്തിയ വീഴ്ച്ചകളാണ് ദക്ഷിണാഫ്രിക്കക്ക് വിനയായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.