നിര്‍ഭാഗ്യങ്ങള്‍ കൂടെത്തന്നെ; ഡിവില്ലിയേഴ്‌സിന് ഉറക്കം നഷ്‌ടമാകുന്നു

Webdunia
ചൊവ്വ, 17 മാര്‍ച്ച് 2015 (15:02 IST)
ഓസ്ട്രേലിയയുടെ ലോകകപ്പ് തേരോട്ടങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിച്ചിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ആഡം ഗില്‍ക്രിസ്‌റ്റ്  പറഞ്ഞിട്ടുണ്ട് “ ഇത്തവണത്തെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ വ്യത്യസ്ഥമാക്കുന്നത് അവരുടെ നായകന്‍ എബി ഡിവില്ലിയേഴ്‌സിന്റെ സാന്നിധ്യമാണ്, എല്ലാവരും കാത്തിരിക്കുന്നത് എ ബിയുടെ പ്രകടനം കാണുന്നതിനാകും” ആ വാക്കുകളെ അന്വര്‍ഥമാക്കുന്ന തരത്തിലാണ് ഇതുവരെ ഡിവില്ലിയേഴ്‌സ് ബാറ്റ് വീശിയതും.

1992 മുതല്‍ മികച്ച ടീമിനെയാണ് ദക്ഷിണാഫ്രിക്കന്‍ സെലക്‍ടര്‍മാര്‍ ലോകകപ്പിന് അയക്കുന്നത്. ഏതൊരു ടീമിനെക്കാളും മികച്ച ടീമായി തന്നെയാകും അവര്‍ വരുന്നതും എന്നാല്‍ ദൌര്‍ഭാഗ്യവും സമ്മര്‍ദ്ദങ്ങളും അവരെ തോല്‍‌വിയിലേക്ക് തള്ളിയിടുന്നതും ക്രിക്കറ്റ് ലോകം കണ്ടു. ആദ്യ ലോകകപ്പില്‍ മഴ നിയമം ചതിച്ചപ്പോള്‍ 1996 ലോകകപ്പില്‍ ക്വേര്‍ട്ടറില്‍ പോരാട്ടം അവസാനിപ്പിച്ചു. 1999 ലോകകപ്പില്‍ ഗിബ്‌സിന്റെയും ഡെണാണ്‍ഡിന്റെയും പിഴവ്  അവരെ ലോകകപ്പില്‍ നിന്ന് പുറത്താക്കുകയായിരുന്നു. 2003ല്‍ പ്രാഥമിക റൌണ്ടിലും 2007ല്‍ സെമിഫൈനലിലും 2011 ക്വാര്‍ട്ടര്‍ ഫൈനലിലും തോറ്റ് പുറത്താകുകയായിരുന്നു. ലോകകപ്പുകളില്‍ ദക്ഷിണാഫ്രിക്ക വമ്പന്‍ ടീമിനെ അണിനിരത്തിയെങ്കിലും കപ്പിനും ചുണ്ടുനുമിടയില്‍ കാര്യങ്ങള്‍ കൈവിട്ടു.

ശക്തമായ ബാറ്റിംഗ് നിര:-
----------

നായകന്‍ എബി ഡിവില്ലിയേഴ്‌സ് തന്നെയാണ് അവരുടെ ശക്തി. ആറ് കളികളില്‍ നിന്നായി ഒരു സെഞ്ചുറിയടക്കം 417 റണ്‍സാണ് അദ്ദേഹം അടിച്ചു കൂട്ടിയത്. എത്ര വലിയ ടോട്ടലും പിന്തുടര്‍ന്ന് ജയിക്കാനുള്ള ശക്തിയാണ് അവരുടെ കരുത്ത്. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 400 റണ്‍സിന് മുകളില്‍ സ്‌കേര്‍ പടുത്തുയര്‍ത്തുക, രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ സ്‌കേര്‍ പിന്തുടര്‍ന്ന് ജയിക്കാനുള്ള ബാറ്റിംഗ് ലൈനപ്പ് എന്ന പ്രത്യേകതയാണ് അവരെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്. ഓപ്പണറായ ഹാഷിം അംലയാണ് മറ്റൊരു താരം ആറ് മത്സരങ്ങളില്‍ നിന്നായി 307 റണ്‍സാണ് അദ്ദേഹം നേടിയിരിക്കുന്നത്. ഹാഫ് ഡുപ്ലെസി, ജിന്‍ പോള്‍ ഡുമിനി, ക്വിന്റെണ്‍ ഡി കോക്ക്, റിലീ റൊസ്സോവ് എന്നിവര്‍ മികച്ച സ്‌കേര്‍ നേടുന്നതില്‍ മിടുക്കന്മാരാണ്. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ഡേവിഡ് മില്ലറും ഉണ്ട്.

കരുത്തും വീക്കനെസും: -
----------
എന്നാല്‍ ഇത്തവണ ഏറ്റവും മികച്ച ടീമിനെ തന്നെ അണിനിരത്തിയിട്ടും ആദ്യ റൌണ്ടിലെ ആറ് കളികളില്‍ രണ്ടു പരാജയവും നാല് ജയങ്ങളുമാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. ഏഷ്യന്‍ ശക്തികളായ ഇന്ത്യ-പാകിസ്ഥാന്‍ ടീമുകളോട് പരാജയം സമ്മതിക്കേണ്ടി വന്നത് ദക്ഷിണാഫ്രിക്കയുടെ കുറവുകള്‍ വീണ്ടും വെളിച്ചത് കൊണ്ടുവരുന്നതായിരുന്നു. സമ്മര്‍ദ്ദങ്ങലില്‍ ബാറ്റിംഗ് നിര പരാജയമാകുകയായിരുന്നു. ഡിവില്ലിയേഴ്‌സ്, അംല, ഡുപ്ലെസി എന്നിവര്‍ ഒഴികെ ആര്‍ക്കും മികച്ച ഇന്നിംഗ്സ് കളിക്കാന്‍ സാധിച്ചിട്ടില്ല.

ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഡെയ്‌ല്‍ സ്‌റ്റെയിനും മോര്‍ണി മോര്‍ക്കലുമാണ് ബോളിംഗ് നിരയെ നയിക്കുന്നത്. വേഗതയും ബൊണ്‍സും ഒരു പോലെ പാലിക്കുന്ന സ്‌റ്റെയിന് ഇതുവരെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. മോര്‍ണി മോര്‍ക്കലും വെറോണ്‍ ഫിലാന്‍ഡറും ലോകകപ്പില്‍ ഇതുവരെ തങ്ങളുടെ ശക്തി തെളിയിച്ചിട്ടില്ല. സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്യുന്ന ഇമ്രാന്‍ താഹിര്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഡുമിനി റണ്‍സ് വിട്ട് നല്‍കുന്നത് നായകനെ വിഷമത്തിലാക്കുന്നുണ്ട്. മോര്‍ണി മോര്‍ക്കല്‍ ആറ് മത്സരങ്ങളില്‍ നിന്നായി 13 വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ താഹിര്‍ 7 വിക്കറ്റും കരസ്ഥമാക്കി.

സമ്മര്‍ദ്ദഘട്ടങ്ങളിള്‍ കാലിടറിയതാണ് ഇന്ത്യയോടും പാകിസ്ഥാനോടും തോല്‍‌വിക്ക് കാരണമായത്. മികച്ച നിലയില്‍ നിന്നാണ് ഈ രണ്ടു ഘട്ടങ്ങളില്‍ ടീം തകര്‍ന്നു വീണത്. അവസാന എട്ടില്‍ നില്‍ക്കുന്ന ഈ വേളയില്‍ സമ്മര്‍ദ്ദവും ആശയ കുഴപ്പവും അകറ്റി നിര്‍ത്താന്‍ കഴിഞ്ഞാല്‍ ഡിവില്ലിയേഴ്‌സിനും സംഘത്തിലും 2015 ലോകകപ്പ് ഉയര്‍ത്താന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.  


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.