അടിതെറ്റിയാല്‍ ദക്ഷിണാഫ്രിക്കയും വീഴും; തോല്‍‌പ്പിച്ചത് മഴനിയമം

Webdunia
ശനി, 7 മാര്‍ച്ച് 2015 (15:29 IST)
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്ഥാന് 29 റണ്‍സിന്റെ ആവേശോജ്വല ജയം. അടിതെറ്റിയാല്‍ ആനയും വീഴും എന്ന വാക്കിനെ അന്വര്‍ഥമാക്കിയ രീതിയിലായിരുന്നു എബി ഡിവില്ലിയേഴ്‌സിന്റെയും സംഘത്തിന്റെയും തോല്‍‌വി.

ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാന്‍ 232 റണ്‍സ് ആവശ്യമായിരുന്നു. എന്നാല്‍ 33.3 ഓവറില്‍ 202 റണ്‍സിന് പേരു കേട്ട ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര തകര്‍ന്നു വീഴുകയായിരുന്നു. സ്കോര്‍: പാക്കിസ്ഥാന്‍ 46.4 ഓവറില്‍ 222 റണ്‍സിന് എല്ലാവരും പുറത്ത്. ദക്ഷിണാഫ്രിക്ക 33.3 ഓവറില്‍ 202 റണ്‍സിന് പുറത്ത്.

ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ നായകന്‍ മിസ്ബാഉള്‍ ഹഖ് (56), ഓപ്പണര്‍ സര്‍ഫ്രാസ് അഹമ്മദ് (49), യൂനിസ് ഖാന് ‍(37), ഷാഹിദ് അഫ്രീദി (15 പന്തില്‍ 22) എന്നിവരുടെ മികവിലാണ് 46.4 ഓവറില്‍ 222 റണ്‍സ് എടുക്കുകയായിരുന്നു. മഴ വില്ലനായതോടെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമം ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 232 ആയി പുനര്‍നിശ്ചയിച്ചു.

തുടക്കത്തില്‍ ഹാഷിം അംല 38ഉം ഡുപ്ളേസിസ് 27 എന്നിവര്‍ മികച്ച പ്രകടനം നടത്തിയെങ്കിലും തുടര്‍ന്നു വന്നവര്‍ പരാജയപ്പെടുകയായിരുന്നു. അവസാന നിമിഷം ഡിവില്ലിയേഴ്‌സ് 58 പന്തില്‍ 7 ബൌണ്ടറികളുടെയും 5 സിക്സുകളുടെയും അകമ്പടിയോടെ 77 റണ്‍സ് എടുത്തെങ്കിലും 29 റണ്‍സ് അകലെ വെച്ച് തോല്‍‌വി സമ്മതിക്കുകയായിരുന്നു. 33മത് ഓവറില്‍ സൊഹൈല്‍ ഖാന് വിക്കറ്റ് സമ്മാനിച്ച് ഡിവില്ലിയേഴ്‌സ് മടങ്ങിയതാണ് കളിയിലെ വഴിത്തിരിവ്. പാക്കിസ്ഥാനായി 49 റണ്‍സ് നേടിയ സര്‍ഫ്രാസ് അഹമ്മദാണ് കളിയിലെ കേമന്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.