ദക്ഷിണാഫ്രിക്കയ്ക്ക് ഒരുറപ്പുമില്ല, അവര്‍ക്ക് ജയിക്കാനാവുമോ എന്ന്. എന്നാല്‍ ഇന്ത്യന്‍ ആരാധകര്‍ ഒരു പുഞ്ചിരിയോടെയായിരിക്കും ഈ കളി വീക്ഷിക്കുക. കാരണം അവര്‍ക്കറിയാം, ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനുമുന്നില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ അസാധാരണമായ ഭാഗ്യം ആഫ്രിക്കന്‍ ബാറ്റ്സ്‌മാന്മാര്‍ക്കുണ്ടാകണമെന്ന്. ഇന്ത്യയെ തോല്‍പ്പിക്കാന്‍ 310 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ഏതാണ്ട് അസാധ്യമെന്നുതന്നെ പറയാം.
രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സാണ് ദക്ഷിണാഫ്രിക്ക എടുത്തിരിക്കുന്നത്. അഞ്ചുറണ്‍സ് എടുത്ത വാന്‍സീലിനെയും എട്ട് റണ്‍സെടുത്ത ഇമ്രാന്‍ താഹിറിനെയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. അശ്വിനും മിശ്രയും വിക്കറ്റുകള്‍ പങ്കിട്ടു.
രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയും തകര്‍ന്നടിയുകയായിരുന്നു. 173 റണ്‍സിന് എല്ലാവരും കൂടാരം കയറി. ശിഖര്‍ ധവാന്‍(39), പൂജാര(31), രോഹിത് ശര്‍മ(23), കോഹ്‌ലി(16), അമിത് മിശ്ര(14) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഇമ്രാന്‍ താഹിര്‍ അഞ്ചുവിക്കറ്റ് സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 215 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 79 റണ്‍സിന് അവസാനിച്ചിരുന്നു. അശ്വിന്‍ അഞ്ചും ജഡേജ നാലും വിക്കറ്റുകള്‍ നേടി.