കടുവകള്‍ കൂട്ടിലൊളിച്ചു: ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

Webdunia
തിങ്കള്‍, 7 മാര്‍ച്ച് 2016 (06:36 IST)
ട്വന്റി-ട്വന്റിയില്‍ മികച്ച ടീം തങ്ങളാണെന്ന് ഇന്ത്യ ഒരിക്കല്‍ക്കൂടി തെളിയിച്ചു. സ്വന്തം മണ്ണില്‍ ഇന്ത്യയ്ക്കെതിരെ അട്ടിമറി വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ ബംഗ്ലാദേശ്‌ കടുവകള്‍ മുട്ടുമടക്കി. എട്ടു വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പ്‌ കിരീടം സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യ ഫീൽഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് 15 ഓവറുകളായി മൽസരം ചുരുക്കിയിരുന്നു. ഇന്ത്യൻ സമയം ഞായർ രാത്രി ഒൻപതു മണിയോടെയാണ് മൽസരം ആരംഭിച്ചത്.
 
മിര്‍പ്പൂരിലെ ഷേഹരി ഇ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ മഴയെത്തുടര്‍ന്ന്‌ 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്‌ത ബംഗ്ലാദേശ്‌ അഞ്ചിന്‌ 120 റണ്‍സ് നേടി‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു പന്ത്‌ ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു.
44 പന്തില്‍ 60 റണ്‍സ്‌ നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പ്രകടനമാണ്‌ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചത്‌. ധവാനു പുറമേ 41 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട്‌ കോഹ്ലിയും മികച്ച പ്രകടനം കാഴ്‌ചവച്ചു. ആറു പന്തില്‍ നിന്ന്‌ 20 റണ്‍സ്‌ നേടിയ നായകന്‍ മഹേന്ദ്ര സിങ്‌ ധോണി ഇന്ത്യന്‍ വിജയം വേഗത്തിലാക്കി.
 
ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ എം എസ്‌ ധോണി ബംഗ്ലാദേശിനെ ബാറ്റിങ്ങിനു വിട്ടു. തമീം ഇഖ്‌ബാലും (13) സൗമ്യ സര്‍ക്കാരും (ഒന്‍പത്‌ പന്തില്‍ 14) ചേര്‍ന്ന്‌ ബംഗ്ലാ സ്‌കോര്‍ നാല്‌ ഓവറില്‍ 27 ലെത്തിച്ചു. സൗമ്യ സര്‍ക്കാരിനെ ആശിഷ്‌ നെഹ്‌റയുടെ പന്തില്‍ ഹാര്‍ദിക്‌ പാണ്ഡ്യ പിടികൂടിയതോടെയാണ്‌ ഓപ്പണിങ്‌ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 
 
പിന്നാലെ ജസ്‌പ്രീത്‌ ബുംറ തമീമിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി. ഷക്കീബ്‌ അല്‍ ഹസനും (16 പന്തില്‍ 21) സാബിര്‍ റഹ്‌മാനും (29 പന്തില്‍ പുറത്താകാതെ 32) ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചു തകര്‍ത്തു.
ഹാര്‍ദിക്‌ പാണ്ഡ്യയും ആശിഷ്‌ നെഹ്‌റയുമാണ്‌ കൂടുതല്‍ തല്ലുവാങ്ങിയത്‌. പാണ്ഡ്യ മൂന്ന്‌ ഓവറില്‍ 35 റണ്ണും നെഹ്‌റ മൂന്ന്‌ ഓവറില്‍ 33 റണ്ണും വിട്ടുകൊടുത്തു. 
 
ഷക്കീബിനെ ബുംറയുടെ കൈയിലെത്തിച്ച്‌ ആര്‍ അശ്വിനാണ്‌ ഇന്ത്യയ്ക്ക് നിര്‍ണായക ബ്രെയിക്ക് ത്രൂ നല്‍കിയത്. പിന്നാലെ വന്ന മുഷ്‌ഫികര്‍ റഹിം നാല്‌ റണ്ണെടുത്ത്‌ റണ്ണൗട്ടായി. നായകന്‍ മഷ്‌റാഫെ മുര്‍ത്താസയെ നേരിട്ട ആദ്യ പന്തില്‍ തന്നെ രവീന്ദ്ര ജഡേജ വിരാട്‌ കോഹ്ലിയുടെ കൈയിലെത്തിച്ചു. 
തുടര്‍ന്ന് ക്രീസിലെത്തിയ മഹ്‌മദുള്ളയും സാബിറും അവസാന ഓവറികളില്‍ ആഞ്ഞടിച്ചു.
മഹ്‌മദുള്ള 13 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 33 റണ്ണുമായി പുറത്താകാതെനിന്നു. ഇന്ത്യക്കു വേണ്ടി ആര്‍ അശ്വിന്‍, നെഹ്‌റ, ബുംറ, ജഡേജ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു.