സച്ചിന്‍റെ പ്രതിഭ

Webdunia
ക്രിക്കറ്റിലെ നേട്ടത്തില്‍ റെക്കോഡ്‌ തികച്ചു രസിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക്‌ പക്ഷെ ലോകകപ്പ്‌ ഇന്ത്യയില്‍ എത്തിക്കുന്ന കാര്യത്തില്‍ മാത്രം നേട്ടം കൊയ്യാന്‍ അഞ്ചു ലോകകപ്പ്‌ കളിച്ചിട്ടും സാധിച്ചില്ല. സച്ചിന്‍റെ പ്രതിഭ മാനദണ്ഡമാക്കിയാല്‍ ന്യായമായും ഒരു ലോകകപ്പിന്‌ അര്‍ഹതയുണ്ടു താനും.

മിക്കവാറും അവസാന ലോകകപ്പ്‌ കളിക്കുന്ന സച്ചിനെ വേണ്ടി ഒട്ടേറെ റെക്കോഡുകളാണ്‌ ഇനിയും കാത്തിരിക്കുന്നത്‌. 381 മല്‍സരം കളിച്ച സച്ചിനാണ്‌ കൂടുതല്‍ എകദിനം കളിച്ച താരം. ഏറ്റവും കൂടുതല്‍ ശതകം നേടിയ വകയില്‍ 41 സെഞ്ച്വറികളും റണ്‍സ്‌ നേട്ടത്തില്‍ 14,783 റണ്‍സും പേരിലുണ്ട്‌.എന്നാല്‍ ഇത്തവണ സ്വപ്നം നേടാം എന്ന പ്രതീക്ഷയിലാണ്‌ തെന്‍ഡുല്‍ക്കര്‍.

നീണ്ട നാളായുള്ള സ്വപ്നം നേടാനുള്ള ശ്രമത്തിലാണ്‌ താനും കൂട്ടരുമെന്ന്‌ സച്ചിന്‍ തന്നെ വ്യക്തമാക്കുന്നു. മികച്ച കളിക്കാര്‍ മികച്ചവര്‍ക്കെതിരെ പോരാടുന്ന, നാലു വര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്ന ലോകകപ്പ്‌ തന്നെയാണ്‌ മറ്റ്‌ എന്തിനേക്കാളും പ്രധാനമെന്നാണ്‌ അദ്ദേഹത്തിന്‍റെ അഭിപ്രായം. ലോകകപ്പിലെ വെല്ലു വിളികള്‍ നേരിടാന്‍ തയ്യാറായി കാത്തിരിക്കുകയാണ്‌ തെന്‍ഡുല്‍ക്കര്‍.

സമീപകാലത്ത്‌ ഫോം കണ്ടെത്താനാകാതെ ഉഴറുന്ന ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗും മോശം കാലം കഴിഞ്ഞതായിട്ടാണ്‌ വിലയിരുത്തുന്നത്‌. മാര്‍ച്ച്‌ 13 മുതല്‍ ഏപ്രില്‍ 13 വരെ നടക്കുന്ന മല്‍സരത്തില്‍ 1983ലെ ജേതാക്കളും ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ ഫൈനലിസ്റ്റുകളുമായ ഇന്ത്യയ്ക്ക്‌ ഗ്രൂപ്പ്‌ ബിയില്‍ നേരിടേണ്ടത്‌ 1986 ലെ ജേതാക്കളായ ശ്രീലങ്ക ഉള്‍പ്പടെയുള്ളവരുടെ എതിര്‍പ്പുകളാണ്‌.

ഇന്ത്യന്‍ ടീം അതിന്‍റെ ഏറ്റവും സുവര്‍ണ കാലഘട്ടത്തിലൂടെയാണ്‌ ഇപ്പോള്‍ കടന്നു പോകുന്നത്‌ സച്ചിനൊപ്പം സൗരവ്‌ ,നായകന്‍ ദ്രാവിഡ്‌ ,സെവാഗ്‌ തുടങ്ങിയ പ്രതിഭകളും അണി നിരക്കുന്ന ടീം ഇന്ത്യയ്ക്ക്‌ ലോകകപ്പ്‌ അസാധ്യമായ കാര്യമല്ല. എന്നാല്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്തതാണ്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കപ്പിന്‍റെ കാര്യത്തില്‍ പിന്നോട്ട്‌ അടിക്കുന്ന ഘടകം.