മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ബാംഗ്ലൂര്‍ മഹാരഥന്‍മാരും ഉപചാപകരും അരങ്ങു വാഴുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ നെറുകയിലേക്ക് ടീമിലെത്തി വെറും മൂന്നു വര്‍ഷം കൊണ്ടാണ് ധോനി എന്ന നീണ്ട മുടിക്കാരന്‍ ഉയര്‍ന്നു വന്നത്. ബാറ്റു ചെയ്യുന്ന വിക്കറ്റ് കീപ്പര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ അന്വേഷണം അവസാനിച്ചത് ധോനിയിലും ദിനേശ് കാര്‍ത്തിക്കിലുമായിരുന്നു.
ട്വന്‍റി ലോകകപ്പില്‍ യുവനായകനു വേണ്ടിയുള്ള അതേ അന്വേഷണം അവസാനിച്ചത് റാഞ്ചിക്കാരനിലും. ധോനിയുടെ അരങ്ങേറ്റം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലാണ് ഇടം പിടിക്കുന്നത്. വരും തലമുറ ധോനിയെ ഇനി ഓര്‍ക്കുക ട്വന്‍റി ലോകകപ്പിലെ ആദ്യ നായകന്‍ എന്ന നിലയിലായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന മെട്രോ നഗരങ്ങളിലെ കുട്ടികള്‍ മാത്രം സഫലീകരിക്കുന്ന സ്വപ്നം റാഞ്ചിയിലെ പൊടി നിറഞ്ഞ മൈതാനങ്ങളില്‍ കളിച്ചു വളര്‍ന്ന ധോനി നിശബ്ദ വിപ്ലവത്തിലൂടെ സഫലീകരിക്കുകയായിരുന്നു.
ഉത്തരാഞ്ചലില്‍ നിന്നും റാഞ്ചിയിലേക്ക് കുടിയേറിയ പാന്‍ സിംഗിന്‍റെയും ദേവകി ദേവിന്‍റെയും പുത്രന് ചെറുപ്പത്തില്‍ ഒസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനോടും സച്ചിനോടുമായിരുന്നു ആരാധന. അതീനു പുറമേ അമിതാഭ് ബച്ചനും ലതാ മങ്കേഷ്ക്കറെയും ഇഷ്ടപ്പെട്ടു. ബൈക്കാണ് ധോനിയുടെ മറ്റൊരു കമ്പം
പഠിച്ചിരുന്ന ദേവ് സ്കൂളില്‍ ബാഡ്മിന്‍റണിലും ഫുട്ബോളിലുമായിരുന്നു ധോനിയുടെ കമ്പം. രണ്ടു കളിയിലും ജില്ലാടീമുകളിലും ക്ലബ്ബ് ലവലിലും മികവ് തെളിയിച്ച ധോനി പത്താം ക്ലാസ്സിനു ശേഷമായിരുന്നു സജീവ ക്രിക്കറ്റില്‍ എത്തിയത്. ഫുട്ബോളില്‍ ഗോളിയുടെ വേഷത്തിലായിരുന്ന ധോനിയെ ക്രിക്കറ്റിലേക്ക് തിരിച്ചു വിട്ടത് ഫുട്ബോള്‍ പരിശീലകന്‍ തന്നെയായിരുന്നു.
അന്നുവരെ ക്രിക്കറ്റ് കളിച്ചിട്ടില്ലാതിരുന്ന ധോനി പെട്ടെന്നു തന്നെ മികച്ച കീപ്പറായി പെരെടുത്തു. പിന്നീടു ബാറ്റിംഗിലും മികവു കണ്ടെത്തി. 1998 ല്‍ അണ്ടര്‍ 19 ടീമിലൂടെയായിരുന്നു ധോനിയുടെ ബിഹാര്‍ ടീമിലേക്കുള്ള അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിലെ അഞ്ച് മത്സരങ്ങളില്‍ 176 റണ്‍സ്. ടൂര്‍ണമെന്‍റില്‍ ഒമ്പതു മത്സരങ്ങളിലെ 12 ഇന്നിംഗ്‌സുകളില്‍ ധോനി അടിച്ചു കൂട്ടിയത് 488 റണ്‍സായിരുന്നു. ഇത് നായ്‌ഡു ട്രോഫിക്കുള്ള കിഴക്കന്‍ മേഘലാ ടീമില്‍ സ്ഥാനം നല്‍കി.
18 വയസ്സുള്ളപ്പോല്‍ തന്നെ ബീഹാറിന്‍റെ രഞ്ജി ട്രോഫി മത്സരങ്ങളിലും ധോനി കളിച്ചു. അരങ്ങേറ്റ മത്സരത്തില്‍ ആസ്സാമിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ 68 റണ്‍സ്. അഞ്ച് മത്സരങ്ങളില്‍ നിന്നായി 235 റണ്‍സുമായിട്ടാണ് സീസണ്‍ അവസാനിപ്പിച്ചത്. 2000/2001 ല്‍ ബംഗാളിനെതിരെ ആദ്യ സെഞ്ച്വറി നേടി.
2002 / 2003 സീസണില്‍ രഞ്ജി ട്രോഫിയിലും ദേവ്‌ധര്‍ട്രോഫിയിലും അര്‍ദ്ധ ശതകങ്ങളുടെ കൂമ്പാരമായിരുന്നു ബാറ്റില്‍ നിന്നും ഒഴുകിയത്. 2003 /2004 ല്‍ ആസ്സാമിനെതിരെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ ധോനി നാലു മത്സരങ്ങളില്‍ 244 റണ്‍സ് നേടി. 1999- 2000 ലെ കൂച്ച് ബെഹര്‍ട്രോഫി ധോനിക്കു തുണയായി. 2003/ 2004 ല്‍ ഇന്ത്യ എ ടീമിനൊപ്പം സിംബാബ്‌വെ കെനിയാ ടൂറിനുള്ള ടീമില്‍ അംഗമായി. എന്നാല്‍ ആദ്യ മത്സരത്തില്‍ ബാറ്റിംഗിനേക്കാളും വിക്കറ്റ് കീപ്പിംഗിലാണ് തിളങ്ങിയത്.
സിംബാബ്‌വേ ഇലവണെതിരെ ഏഴു ക്യാച്ചും നാല് സ്റ്റമ്പിംഗും. അതിനു ശേഷം കെനിയയില്‍ നടന്ന ത്രിരാഷ്ട്ര മത്സരത്തില്‍ പാകിസ്ഥാന്‍ എയ്‌ക്ക് എതിരെ മികച്ച പ്രകടനം. പരമ്പരയിലെ മറ്റു മത്സരങ്ങളില്‍ പുറകെ പുറകേ സെഞ്ച്വറികളും അര്‍ദ്ധ സെഞ്ച്വറികളും ഒഴുകി. ഏഴു മത്സരങ്ങളില്‍ നിന്നും 362 റണ്‍സാണ് അടിച്ചു കൂട്ടി. ഈ പരമ്പര ധോനിയെ ദേശീയ ശ്രദ്ധയിലെക്കു കൂട്ടിക്കൊണ്ടു വന്നു.
പിന്നീട് നായകനായിരുന്ന ഗാംഗുലിയുടെയും എ ടീം പരിശീലകനായിരുന്ന സന്ദീപ് പാട്ടിലിന്‍റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സ്ഥാനത്തേക്ക് ദിനേശ് കാര്‍ത്തിക്കും ധോനിയും പരിഗണിക്കപ്പെട്ടു. ഇന്ത്യന്‍ ടീമിലെ മികവ് ട്വന്‍റി മത്സരങ്ങളില്‍ 100 കോടിയുടെ സ്വപ്‌നങ്ങള്‍ പേറുന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ് ധോനിയെ.
പരസ്യ രംഗത്തും പ്രിയങ്കരനാണ് ധോനി. ചെറിയ കാല പരസ്യങ്ങളുടെ കരാരില്‍ എര്‍പ്പെടാന്‍ ഇന്ത്യയുടെ മുന്‍ നിര താരങ്ങള്‍ മടിക്കുമ്പോള്‍ അവസരങ്ങള്‍ തേറ്റിയെത്തുന്നത് ധോനിയിലേക്കാണ്. കാഴ്ചയിലെ ചുറുചുറുക്കും പ്രസരിപ്പും കളിയിലെ കത്തിക്കയറുന്ന ബാറ്റിംഗും ഇളകി കളിക്കുന്ന മുടിയിഴയും പ്രേക്ഷകര്‍ക്കും ധോനി പ്രിയങ്കരനാകുന്നു എന്ന തിരിച്ചറിവാന് പരസ്യ വിപണി ധോനിക്കു പിന്നാലെ നടക്കാന്‍ ഇടയാക്കുന്നത്.
ധോനിയുടെ വിജയം റാഞ്ചിയില്‍ ക്രിക്കറ്റ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കിയിരിക്കുകയാണ്. റാഞ്ചിയിലെ കുട്ടികള്‍ ബാറ്റിംഗ് സാധനങ്ങള്‍ അടങ്ങിയ കിറ്റിനൊപ്പം വിക്കറ്റ് കീപ്പറുടെ ഒരു കിറ്റും കൊണ്ടു വരുന്നതായി ക്രിക്കറ്റ് പരിശീലകന്‍ അനീസുര്‍ റഹ്‌മാന്‍ പറയുന്നു. ബാറ്റിംഗിനൊപ്പം കീപ്പിംഗു കൂടി പരിശീലിക്കുകയാണ് പലരും. ധോനിക്കു കിട്ടുന്ന മാധ്യമ ശ്രദ്ധയും പരിഗണനയും ഇവരില്‍ പലര്‍ക്കും പ്രചോദനമാകുന്നു.