ഹഡിന് നാലാം ടെസ്റ്റ് നഷ്ടമായേക്കും

Webdunia
വെള്ളി, 31 ജൂലൈ 2009 (18:24 IST)
മൂന്നാം ആഷസ് ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹഡിന്‍റെ കൈവിരലിന് പരുക്കേറ്റു. ടോസിന് മുമ്പ് നടന്ന പരിശീലനത്തിനിടെയാണ് ഹഡിന് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് അടുത്ത ടെസ്റ്റുകള്‍ ഹഡിന് നഷ്ടമായേക്കുമെന്നാണ് കരുതുന്നത്. ഓസ്ട്രേലിയയുടെ മികച്ച വിക്കറ്റ് കീപ്പറായ ഹഡിന്‍റെ പരിക്ക് ഓസീസിന് കൂടുതല്‍ ഭീഷണിയായിരിക്കയാണ്.

അടുത്ത ആഴ്ച നടക്കുന്ന നാലാം ടെസ്റ്റില്‍ ഹഡിന്‍ കളിച്ചേക്കില്ലെന്ന് ഓസീസ് കോച്ച് ടിം നീല്‍‌സെല്‍ അറിയിച്ചു. എന്നാല്‍, പരിക്കിന്‍റെ തീവ്രതയെ കുറിച്ച് കൂടുതല്‍ അറിയണങ്കില്‍ കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. വിക്കറ്റ് കീപ്പിംഗിന് പുറമെ മികച്ചൊരു ബാറ്റ്സ്മാന്‍ കൂടിയാണ് ഹഡിന്‍.

ഹഡിന് പകരം പുതുമുഖ താരം ഗ്രഹം മാനൌ ആണ് ഓസീസിന് വേണ്ടി ഗ്ലൌസ് അണിയുന്നത്. അതേസമയം, പേസ് ബൌളര്‍ മിച്ചല്‍ ജോണ്‍സന്‍റെ ഫോമില്ലാഴ്മയും ബ്രെറ്റ് ലീയുടെ പരുക്കും ഓസീസ് ടീമിനെ അലട്ടുന്നുണ്ട്. ആഷസ് പരമ്പരയില്‍ നിലവില്‍ ഇംഗ്ലണ്ട് ഒരു മത്സരം വിജയിച്ച് മുന്നിട്ടു നില്‍ക്കുകയാണ്.