സച്ചിന് സെഞ്ച്വറി; ഇന്ത്യക്ക് 338

Webdunia
ഞായര്‍, 27 ഫെബ്രുവരി 2011 (18:56 IST)
PTI
ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 339 റണ്‍സിന്റെ വിജയലക്‍ഷ്യം കുറിച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കിനില്‍ക്കെ 338 റണ്‍സിന് പുറത്താകുകയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി(120) പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.

അഞ്ചു സിക്സറുകളുടെയും 10 ബൌണ്ടറികളും ഉള്‍പ്പടെ 115 പന്തുകളില്‍ നിന്നാണ് സച്ചിന്‍ 120 റണ്‍സ് എടുത്തത്. 98 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ബ്രെസ്നനെ അതിര്‍ത്തി കടത്തിയാണ് സച്ചിന്‍ ശതകം കുറിച്ചത്. സച്ചിന്റെ, ലോകകപ്പിലെ അഞ്ചാം സെഞ്ച്വറിയാണ് ഇത്. ഏകദിന കരിയറില്‍ നാല്‍പ്പത്തിയേഴാമത്തെയും.

പതിഞ്ഞ താളത്തിലാണ് സച്ചിന്‍ തുടങ്ങിയത്. സെവാഗ് ഇംഗ്ലണ്ട് ബൌളര്‍മാര്‍ക്ക് മേല്‍ താണ്ഡവമാടിയപ്പോള്‍ സച്ചിന്‍ കാഴ്ചക്കാരനായി നോക്കിനില്‍ക്കുകയായിരുന്നു. ഏഴാമത്തെ ഓവറില്‍ അഞ്ചാമത്തെ പന്തില്‍ സെവാഗ് പുറത്തായപ്പോള്‍ ക്രീസിലെത്തിയ ഗംഭീറും വന്‍ അടികള്‍ക്ക് മുതിര്‍ന്നപ്പോള്‍ പ്രതിരോധത്തിലൂന്നിയാണ് സച്ചിന്‍ കളിച്ചത്. ബ്രെസ്നന്റെ ഒരു ഓവര്‍ മെയ്ഡണ്‍ ആക്കുകയും ചെയ്തു. എന്നാല്‍ സിംഗിളുകള്‍ എടുത്ത് സ്കോര്‍ ഉയര്‍ത്താനാണ് സച്ചിന്‍ ശ്രമിച്ചത്. എന്നാല്‍ പതിനേഴാമാത്ത് ഓവറില്‍ കോളിംഗ്‌വുഡിനെ സിക്സര്‍ പറത്തി സച്ചിന്‍ താന്‍ മികച്ച ഫോമില്‍ തന്നെയെന്ന് തെളിയിച്ചു. ഇരുപത്തിയൊന്നാം ഓവറില്‍ 45 റണ്‍സില്‍ നില്‍ക്കെ കോളിംഗ്‌വുഡിനെ തന്നെ വീണ്ടും സിക്സറിന് തൂക്കിയാണ് സച്ചിന്‍ അര്‍ദ്ധ ശതകം പിന്നിട്ടത്. ആദ്യ അര്‍ദ്ധ ശതകം 67 പന്തുകളില്‍ നിന്ന് കണ്ടെത്തിയ സച്ചിന്‍ 36 പന്തുകളില്‍ നിന്നാണ് രണ്ടാം അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടത്.

സച്ചിനും പുറമെ ഗംഭീറിന്റെയും സെവാഗിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഇരുപത്തിയെട്ടാമത്തെ ഓവറില്‍ ആന്‍ഡേഴ്സ്നെ അതിര്‍ത്തികടത്തി അര്‍ദ്ധ ശതകം കുറിച്ച ഗംഭീര്‍ തൊട്ടടുത്ത ഓവറില്‍ സ്വാന്റെ പന്തില്‍ ബള്‍ഡാകുകയായിരുന്നു. 61 പന്തുകളില്‍ നിന്നായി അഞ്ച് ബൌണ്ടറികള്‍ ഉള്‍പ്പടെയാണ് ഗംഭീര്‍ 51 റണ്‍സ് എടുത്തത്. 35 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം.

സച്ചിന്‍ പുറത്തായതിനു ശേഷം യുവരാജും നായകന്‍ ധോണിയും കൂറ്റന്‍ അടികളിലൂടെ ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തി. സ്കോര്‍ 350നു മുകളില്‍ എത്തുമെന്ന് കരുതിയെങ്കിലും അപ്രതീക്ഷിതമായി യുവരാജും ധോണിയും അടുത്തടുത്ത പന്തുകളില്‍ പുറത്തായതാണ് വിനയായത്. യാര്‍ഡി എറിഞ്ഞ നാല്‍പ്പത്തിയഞ്ചാം ഓവറിലെ അവസാനപന്തില്‍ യുവരാജ് ബൌള്‍ഡ് ആകുകയായിരുന്നു. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ധോണിയും പുറത്തായി. ബ്രസ്നനാണ് ധോണിയുടെ വിക്കറ്റ് സ്വന്തമാക്കിയത്. 50 പന്തുകളില്‍ നിന്നായി ഒമ്പത് ബൌണ്ടറികള്‍ ഉള്‍പ്പടെ 58 റണ്‍സാണ് യുവാരാജിന്റെ സമ്പാദ്യം. 25 പന്തുകളില്‍ നിന്നായി ഒരു സിക്സറും മൂന്നു ബൌണ്ടറികളും ഉള്‍പ്പടെ ധോണി 31 റണ്‍സ് എടുത്തു.

അവസാന ഓവറുകളില്‍ നിരുത്തരവാദപരമായാണ് ഇന്ത്യന്‍ വാലറ്റം ബാറ്റ് വീശിയത്. അവസാന അഞ്ച് ഓവറില്‍ 48 റണ്‍സ് എടുക്കുന്നതിനിടയില്‍ ഏഴു വിക്കറ്റുകളാണ് ഇന്ത്യ കളഞ്ഞുകുളിച്ചത്. സെവാഗിനെ പുറത്താക്കിയ ബ്രെസ്നനാണ് അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ നാശം വിതച്ചത്. 10 ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് ബ്രെസ്നന്‍ സ്വന്തമാക്കിയത്. പത്താന്‍(14), കോഹ്‌ലി(8) , ഹര്‍ഭജന്‍( 4), ചൌളര്‍( 2), എന്നിങ്ങനെയാണ് വാലറ്റക്കാരുടെ സംഭാവന. മുനാഫ് പട്ടേല്‍(0) പുറത്താകാതെ നിന്നു.