വീരു വീണ്ടും ക്രീസില്‍

Webdunia
ഞായര്‍, 20 സെപ്‌റ്റംബര്‍ 2009 (17:32 IST)
PRO
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് വീണ്ടും ക്രീസില്‍. ചണ്ഡിഗഢില്‍ നടക്കുന്ന ജെപി ആത്രെ ടൂര്‍ണ്ണമെന്‍റില്‍ റിലയ്ന്‍സ് ടീമിന് വേണ്ടിയാണ് സെവാഗ് ഇറങ്ങിയത്.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐപി‌എല്‍ മത്സരങ്ങള്‍ക്കിടെയാണ് വീരുവിന് തോളിന് പരുക്കേറ്റിരുന്നത്. തുടര്‍ന്ന് ട്വന്‍റി-20 ലോകകപ്പ് കളിക്കാനായി ഇംഗ്ലണ്ടിലെത്തിയെങ്കിലും പരുക്ക് വിട്ടുമാറാഞ്ഞതിനെ തുടര്‍ന്ന് ടൂര്‍ണ്ണമെന്‍റ് തുടങ്ങുന്നതിന് മുമ്പ് തന്നെ വീരുവിന് മടങ്ങേണ്ടിവന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയനായ സെവാഗ് ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാല്‍ അടുത്തിടെ നടന്ന കോം‌പാക് കപ്പില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.

അടുത്തിടെയാണ് മുകേഷ് അംബാനിയുടെ ആഭ്യന്തര ടീമായ റിലയ്ന്‍സ് 1 ല്‍ വീരു കരാര്‍ ഒപ്പിട്ടത്. വീരുവിന്‍റെ ആദ്യ മത്സരവുമായിരുന്നു ഇത്.