ലങ്കന്‍ പര്യടനം സിംബാബ്‌വേ നീട്ടി

Webdunia
വെള്ളി, 27 ഫെബ്രുവരി 2009 (15:31 IST)
സിംബാബ്‌വേ ക്രിക്കറ്റ് ടീം അടുത്ത മാസം നടത്താനിരുന്ന ശ്രീലങ്കന്‍ പര്യടനം നീട്ടിവെച്ചു. പര്യടനത്തിലെ ഏകദിന പരമ്പര സം‌പ്രേഷണം ചെയ്യാന്‍ കരാറേറ്റിരിക്കുന്ന ടെന്‍ സ്പോര്‍ട്സിന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍ ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് പരമ്പര നീട്ടിയത്.

ഇതേ സമയത്ത് നടക്കുന്ന ദക്ഷിണാഫ്രിക്ക - ഓസ്ട്രേലിയ പരമ്പരയും വെസ്റ്റിന്‍ഡീസ് - ഇംഗ്ലണ്ട് പരമ്പരയും സം‌പ്രേഷണം ചെയ്യാന്‍ കരാര്‍ ഏറ്റിരിക്കുന്നതും ഇവരാണ്. ഈ സഹചര്യത്തിലാണ് പരമ്പര നിട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ടെന്‍ സ്പോര്‍ട്സ് ഇരു രാജ്യങ്ങളെയും സമീപിച്ചത്.

അടുത്തമാസം 13 മുതല്‍ അഞ്ച് ഏകദിനങ്ങളാണ് പരമ്പരയില്‍ ഉണ്ടായിരുന്നത്. പുതുക്കിയ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇക്കൊല്ലം അവസാനത്തേക്കാകും പര്യടനം നിശ്ചയിക്കുകയെന്നാണ് സൂചന.