യുവിയെ ടെസ്റ്റിലും വേണമെന്ന് ധോനി

Webdunia
തിങ്കള്‍, 9 ഫെബ്രുവരി 2009 (10:27 IST)
ശ്രീലങ്കയ്ക്കെതിരായ ഏകദിന മല്‍‌സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച യുവരാജ് സിംഗിന് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോനിയുടെ അഭിനന്ദനം. യുവരാജ് ടെസ്റ്റ് ടീമില്‍ സ്ഥിര സ്ഥാനം അര്‍ഹിക്കുന്നതായി അവസാന മല്‍‌സരത്തിന് ശേഷം ധോനി അഭിപ്രായപ്പെട്ടു.

എതിര്‍ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്റിംഗ് പ്രകടനമാണ് യുവരാജിന്‍റേത്. നന്നായി ബൌള്‍ ചെയ്യാന്‍ കഴിയുന്നത് അദ്ദേഹത്തിന്‍റെ ഒരു അധിക ഗുണമാണ്. ഇതിലുപരി യുവരാജ് മികച്ചൊരു ഫീല്‍ഡറും കൂടിയാണ് - ധോനി പറഞ്ഞു.

ശ്രീലങ്കയ്കെതിരായ പരമ്പരയില്‍ രണ്ടുതവണ മാന്‍ ഓഫ് ദ മാച്ചായിരുന്നു യുവരാജ്. പരമ്പരയില്‍ മൊത്തം 284 റണ്‍സാണ് യുവിയുടെ സംഭാവന ( ആവറേജ് 56.80‌). ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഇതിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് ഏകദിന മല്‍‌സരങ്ങളുടെ പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ യുവരാജ് സിംഗ് 325 റണ്‍സെടുത്തിരുന്നു (ആവറേജ് 108.33).

ഭേതപ്പെട്ട ആവറേജ് നിലനിര്‍ത്തുന്നതിനാല്‍ ടെസ്റ്റ് ഇലവനില്‍ സ്ഥിരമായൊരു സ്ഥാനത്തിന് യുവി അര്‍ഹനാണെന്നാണ് ധോനി സാക്‍ഷ്യപ്പെടുത്തുന്നത്.