യുവരാജിന്റെ മനസ്സിലെ ആ സ്പെഷല്‍ ആര്? യുവരാജിന് പ്രചോദനമേകുന്ന ആ ആള്‍ ആരായിരിക്കും? അഭ്യൂഹങ്ങള്‍ പരക്കുകയാണ്. ഒരു പക്ഷേ ആ സ്പെഷല്‍ മാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആയിരിക്കുമെന്ന് യുവരാജിന്റെ അച്ഛന്‍ യോഗരാജ് പറഞ്ഞു.
ഈ ലോകകപ്പില്‍ ഇതുവരെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകസ്വാധീനമായ താരമാണ് യുവരാജ് സിംഗ്. ഓസീസിനെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ചതിന് ശേഷം വാര്‍ത്തസമ്മേളനത്തില്‍ യുവി തനിക്ക് പ്രചോദനമായി ഒരാള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. ''ഈ പ്രകടനങ്ങള്‍ ഒരാള്‍ക്കു വേണ്ടിയുള്ളതാണ്; എനിക്കേറെ 'സ്‌പെഷലായ' ഒരാള്‍ക്കുവേണ്ടി. പ്രതിസന്ധി നേരിടുമ്പോള്‍ ആ മുഖം എന്റെ മനസ്സിലേക്കെത്തും. അതോടെ പുതിയൊരുണര്‍വ് എനിക്കു ലഭിക്കുന്നു.''- ഇങ്ങനെയാണ് യുവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
യുവരാജിന്റെ ഈ പ്രസ്താവനയെക്കുറിച്ചായിരുന്നു സംസാരിക്കുകയായിരുന്നു യോഗരാജ്. ആദ്ധ്യാത്മികതയോടെയുള്ള വീക്ഷണം ഇടംകയ്യന്‍ താരത്തെ പ്രചോദിപ്പിക്കുമെന്ന് യോഗരാജ് പറഞ്ഞു. യുവരാജിന് പ്രചോദനമേകുന്ന താരം സച്ചിനായാല്‍ അതില്‍ അദ്ഭുതപ്പെടാനില്ല. യുവരാജിന്റെ കരിയറില്‍ സച്ചിന് നിര്‍ണ്ണായക പങ്കാണുള്ളത്. മാനസികകരുത്തും മത്സരത്തിന്റെ സാങ്കേതികയും യുവിക്ക് പകര്‍ന്നുനല്‍കുന്നതില്‍ സച്ചിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. യുവരാജിന് സച്ചിനോട് ഭയഭക്തിയാണ് ഉള്ളത്. ഇന്ത്യ ലോകകപ്പ് നേടിയാല്‍ യുവരാജ് അത് അവന്റെ അമ്മയ്ക്കും സച്ചിനും ആയിരിക്കും സമര്‍പ്പിക്കുക.- യോഗരാജ് പറഞ്ഞു.