മോഡി കള്ളം പറയുന്നുവെന്ന് ശശാങ്ക് മനോഹര്‍

Webdunia
ശനി, 5 ജൂണ്‍ 2010 (16:54 IST)
PRO
ഐ പി എല്ലിന്‍റെ ഇടക്കാല ചെയര്‍മാനായ ചിരായു അമിനും പൂനെ ടീമില്‍ ഓഹരി പങ്കാളിത്തത്തിനു ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബി സി സി ഐ പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍. പൂനെ ടീം കണ്‍സോര്‍ഷ്യത്തില്‍ അമിനെ കൂടി അംഗമാക്കാന്‍ മോഡിയാണ് ശ്രമിച്ചതെന്നും മനോഹര്‍ പറഞ്ഞു.

മോഡി ഇന്നലെമുതല്‍ ബോര്‍ഡിനെതിരെയും അമിനെതിരെയും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ബോര്‍ഡിന്‍റെയും അമിന്‍റെയും പ്രതിച്ഛായ മോശമാക്കാനാണ് മോഡി ശ്രമിക്കുന്നത്. ഐ പി എല്‍ പൂനെ ടീമിനെ സ്വന്തമാക്കാനായി രൂപീകരിച്ച സിറ്റി കോര്‍പറേഷനില്‍ അമിനെ കൂടി അംഗമാക്കണെമെന്ന് ആവശ്യപ്പെട്ട് മോഡിയാണ് ആദ്യം സിറ്റി കോര്‍പറേഷന്‍ അധികൃതര്‍ക്ക് സന്ദേശമയച്ചത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അജയ് ഷിര്‍കെ വഴി അമിനെ ബന്ധപ്പെടണമെന്നും മോഡി ആവശ്യപ്പെട്ടിരുന്നു.

സിറ്റി കോര്‍പറേഷന്‍ അധികൃതര്‍ അമിനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഇക്കാര്യം ബോര്‍ഡ് സെക്രട്ടറിയെയും എന്നെയും രേഖാ‍മൂലം അറിയിച്ചിരുന്നു. സിറ്റി കോര്‍പറേഷേന്‍ പൂനെ ടീമിനെ സ്വന്തമാക്കുന്നതില്‍ വിജയിക്കുകയാണെങ്കില്‍ ടീമിന്‍റെ 10 ശതമനം ഓഹരികള്‍ വാങ്ങുന്നതിന് മുന്നോടിയായി ബോര്‍ഡിന്‍റെ അനുമതി തേടുമെന്ന് അദ്ദേഹം ഈ കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യം ഭരണസമിതി യോഗത്തില്‍ മറച്ചുവെച്ചുവെന്ന മോഡിയുടെ ആരോപണവും അടിസ്ഥാനരഹിതമാണ്. കാരണം അമിന്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ മാത്രമെ ഈ വിഷയം ചര്‍ച്ച ചെയ്യേണ്ട ആ‍വശ്യം വരുന്നുള്ളൂവെന്നും മനോഹര്‍ പറഞ്ഞു.