മക്‍ഗില്ലിനെ മാറ്റൂ: മുരളീധരന്‍

Webdunia
PTIPTI
ശ്രീലങ്കന്‍ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യാമുരളീധരന് ലോക ചാമ്പ്യന്‍‌മാരായ ഓസ്ട്രേലിയന്‍ ടീമിന്‍റെ ഇപ്പോഴത്തെ സ്പിന്‍ മേഖലയോട് പ്രതിപത്തിയില്ല. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോഴുള്ള ഏറ്റവും വലിയ പോരായ്‌മ നല്ല സ്പിന്നര്‍മാരില്ല എന്നതാണെന്ന് മുരളീധരന്‍ വ്യക്തമാക്കുന്നു.

ഓസ്ട്രേലിയ സ്പിന്നറായി ഉപയോഗിക്കുന്ന സ്റ്റുവര്‍ട്ട് മക്‍ഗില്‍ ടീമിനു ഗുണം ചെയ്യില്ലെന്നും പകരം നന്നായി സ്ലോബോളുകള്‍ കൈ കാര്യം ചെയ്യുന്ന യുവ താരങ്ങളെ കണ്ടെത്താനുമാണ് മുരളീധരന്‍റെ നിര്‍ദ്ദേശം. മക്‍ഗില്ലിനെ ഒരു ബൌളറാക്കി ഓസീസിനു വരും കാലങ്ങളില്‍ ഉപയോഗിക്കാനാകില്ലെന്നും മുരളീധരന്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ടു മത്സരത്തിലെ മക്‍ഗില്ലിന്‍റെ പ്രകടനം വച്ചു നോക്കിയാല്‍ അദ്ദേഹത്തിന്‍റെ നല്ല സമയം കഴിഞ്ഞെന്നും മുരളി കൂട്ടിച്ചേര്‍ക്കുന്നു. പരുക്കുമായി മല്ലിടുന്ന മക്‍ഗില്ലിന് ഇപ്പോല്‍ തന്നെ 36 വയസാ‍യതായും മുരളി ‘ദി ഏജ്’ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

“നീണ്ട കാലയളവിലേക്ക് നോക്കുന്ന ഓസ്ട്രേലിയ ഒന്നോ രണ്ടോ വര്‍ഷത്തേക്കു പ്രയോജനപ്പെടുന്ന ഒരു സ്പിന്നര്‍ക്കു പകരം പത്തു വര്‍ഷത്തേക്കെങ്കിലും സേവനം ചെയ്യാന്‍ കഴിയുന്ന ഒരാളെ കണ്ടെത്തുകയാണ് നല്ലത്. പരുക്കു മുന്‍ നിര്‍ത്തിയായാലും വയസ്സു പരിഗണിച്ചാലും മക്‍ഗില്ലിനു ഇനി പ്രകടനം അസാധ്യമായിരിക്കും.” മുരളി കൂട്ടിച്ചേര്‍ത്തു.

മക്‍ഗില്ലിനെ പഴിപറയുന്ന മുരളീധരനും കഴിഞ്ഞ പരമ്പര മോശമായിട്ടാണ് കളിച്ചത്. രണ്ടു ടെസ്റ്റുകളില്‍ മക്ഗില്‍ 396 റണ്‍സിനു അഞ്ച് വിക്കറ്റുകള്‍ പിഴുതപ്പോള്‍ മുരളീധരന്‍ 400 റണ്‍സ് നല്‍കി വീഴ്ത്തിയത് നാലു വിക്കറ്റുകളാണ്. രണ്ടു സ്പിന്നര്‍മാര്‍ക്കും ബ്രിസ്ബേനിലോ ഹൊബാര്‍ട്ടിലോ മികച്ച ബൌളിംഗ് കാഴ്ച വയ്‌ക്കാനായില്ല.

ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ കരസ്ഥമാക്കുന്ന താരമാകാന്‍ മുരളെധരന് ഇനി ഏഴു വിക്കറ്റുകള്‍ കൂടി മതി. ഓസ്ട്രേലിയന്‍ സ്പിന്നറായ ഷെയിന്‍ വോണിന്‍റെ 708 വിക്കറ്റുകളാണ് മുരളി ലക്‍ഷ്യമിടുന്നത്.

ഓസ്ട്രേലിയയ്‌ക്കെതിരെ തന്‍റെയും ഷെയിന്‍ വോണിന്‍റെയും പേരിലുള്ള ക്രിക്കറ്റ് പരമ്പരയില്‍ പക്ഷേ ലങ്കന്‍ സ്പിന്നര്‍ക്ക് ഈ റെക്കോഡ് മറികടക്കാനായില്ല. ഇനി വരുന്ന ഇംഗ്ലണ്ടിന്‍റെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഒരു പക്ഷെ ഇക്കാര്യം മുരളിക്കു നേടിയേക്കും.