പാകിസ്ഥാന്‍ ടീം മെച്ചപ്പെട്ടുവെന്ന് യൂസഫ്

Webdunia
വെള്ളി, 29 ജനുവരി 2010 (14:31 IST)
PRO
തന്‍റെ നായകത്വത്തിനു കീഴില്‍ പാകിസ്ഥാന്‍ ടീം വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് നായകന്‍ മുഹമ്മദ് യൂസഫ്. താന്‍ ചുമതലേയെടുക്കുമ്പോള്‍ ദിശയറിയാതെ ഉഴറുന്ന കളിക്കാരുടെ സംഘമായിരുന്നു പാക് ടീമെന്നും യൂസഫ് പറഞ്ഞു. തന്‍റെ ടീമിലുള്ളതിനേക്കാള്‍ കേമന്‍‌മാരടങ്ങിയ പാക് ടീമുകള്‍ ഇതിനു മുന്‍പും ഓസ്ട്രേലിയയില്‍ പര്യടനത്തിനെത്തിയിട്ടുണ്ട്. എന്നാല്‍ അവരൊന്നും ഇത്രയും മെച്ചപ്പെട്ട പ്രകടനം നടത്തിയിട്ടില്ല.

വിജയത്തിനായി ദാഹിക്കുന്നവരുടെ സംഘമാക്കി പാക് ടീമിനെ മാറ്റാന്‍ തനിക്കായെന്നും യൂസഫ് അവകാശപ്പെട്ടു. ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാന്‍ മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ടെസ്റ്റില്‍ കനത്ത തോല്‍‌വി വഴങ്ങിയെങ്കിലും രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ തോല്‍‌പ്പിക്കുന്നതിനടുത്തെത്താന്‍ പാക് ടീമിനായി.

ബാറ്റ്‌സമാ‍നെന്ന നിലയില്‍ എന്‍റെ ഫോമിനെക്കുറിച്ച് മതിപ്പുണ്ട്. എന്നാലും വലിയ സ്കോറുകള്‍ കണ്ടെത്തുന്നതില്‍ താന്‍ പരാജയപ്പെട്ടെന്നും യൂസഫ് പറഞ്ഞു. ഓസീസ് പര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തുമ്പോള്‍ യൂസഫിന് നായകസ്ഥാനം നഷ്ടമാവുമെന്ന റിപ്പോര്‍ട്ടിനിടെയാണ് പുതിയ അവകാശവാദവുമായി യൂസഫ് രംഗത്തു വന്നിരിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ 3-0ന് അടിയറവ് പറഞ്ഞ പാകിസ്ഥാന്‍ ഏകദിന പരമ്പരയില്‍ 4-0ന് പിന്നിലാണ്.