കൊച്ചിയെ ഡല്‍ഹിയും വീഴ്ത്തി

Webdunia
ശനി, 30 ഏപ്രില്‍ 2011 (20:15 IST)
PRO
PRO
ഐപിഎലില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സും പരാജയപ്പെടുത്തി. 38 റണ്‍സിനാണ് ഡല്‍ഹി കൊച്ചിയെ പരാജയപ്പെടുത്തിയത്. ഡല്‍‌ഹി ഉയര്‍ത്തിയ 158 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന കൊച്ചി 18.5 ഓവറില്‍ 119 റണ്‍സിന്‌ പുറത്താകുകയായിരുന്നു. കൊച്ചിയുടെ തുടര്‍ച്ചയായ മൂന്നാം പരാജയമാണ് ഇത്.

ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഡല്‍ഹി ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 157 റണ്‍സ് എടുത്തു. 47 പന്തില്‍ 80 റണ്‍സ്‌ എടുത്ത വീരേന്ദര്‍ സെവാഗിന്റെ പ്രകടനത്തിന്റെ പിന്‍‌ബലത്തിലാണ് ഡല്‍ഹി മോശമല്ലാത്ത സ്കോറിലെത്തിയത്. യോഗേഷ്‌ നഗര്‍(22), രവീസ്‌ ബിര്‍ട്ട്‌(20), ഇര്‍ഫാന്‍ പഠാന്‍(13) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍.

കൊച്ചിക്ക് വേണ്ടി എസ്‌ ശ്രീശാന്ത്‌ രണ്ട് വിക്കറ്റ് വീഴ്ത്തി. നാല്‌ ഓവറില്‍ 10 റണ്‍സ്‌ മാത്രമാണ് ശ്രീശാന്ത് വിട്ടുകൊടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചിക്ക് മികവ് കാട്ടാനായില്ല. രവീന്ദ്ര ജഡേജ(31), ബ്രാഡ്‌ ഹോഡ്‌ജ്(27), ക്യാപ്‌റ്റന്‍ മഹേള ജയവര്‍ധനെ(18) എന്നിവര്‍ മാത്രമാണ്‌ പ്രതിരോധിക്കാനുള്ള ശ്രമമെങ്കിലും നടത്തിയത്.