കാലിസ് ടെസ്റ്റില്‍ 10000 തികച്ചു

Webdunia
ശനി, 28 ഫെബ്രുവരി 2009 (11:25 IST)
ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ജാക്വിസ് കാലിസ് ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ചു. ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ബാറ്റ്സ്മാനാണ് കാലിസ്. ഓസീ‍സിനെതിരെ ജോഹന്നാസ് ബര്‍ഗില്‍ നടക്കുന്ന ടെസ്റ്റിന്‍റെ രണ്ടാംദിനമാണ് കാലിസ് ചരിത്രനേട്ടത്തിനുടമയായത്.

ടെസ്റ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാനാ‍ണ് കാലിസ്. 7289 റണ്‍സെടുത്ത ഗാരി കിര്‍സ്റ്റന്‍ ആണ് രണ്ടാം സ്ഥാനത്ത്.

ബാറ്റിംഗിനിറങ്ങുമ്പോള്‍ ഈ നാഴികക്കല്ല് പിന്നിടാന്‍ 12 റണ്‍സ് കൂടിയാ‍യിരുന്നു കാലിസിന് വേണ്ടിയിരുന്നത്. ഏറെ വൈകാതെ കാലിസ് ലക്‍ഷ്യം കാണുകയും ചെയ്തു. എന്നാല്‍ ചരിത്രനേട്ടം ടീമിന് മുതല്‍ക്കൂട്ടാക്കി അവിസ്മരണീയമാ‍ക്കാന്‍ കാലിസിനായില്ല. 27 റണ്‍സെടുത്ത് അദ്ദേഹം പുറത്തായി.

കാലിസിന്‍റെ നൂറ്റി‌യിരുപത്തിയൊമ്പതാം ടെസ്റ്റാണിത്. അടുത്തിടെ ഓസീസില്‍ നടത്തിയ പര്യടനത്തിനിടെ ഏകദിനത്തിലും അദ്ദേഹം പതിനാ‍യിരം റണ്‍സ് തികച്ചിരുന്നു.